| Tuesday, 27th July 2021, 5:37 pm

'പിറന്നാളിന് കേക്ക് കൊണ്ടുവന്നപ്പോള്‍ ഏറ്റവുമധികം ഡാന്‍സ് കളിച്ചത് അവനായിരുന്നു'; ബേസില്‍ ജോസഫുമൊത്തുള്ള രസകരമായ അനുഭവം പറഞ്ഞ് വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മികച്ച സിനിമകളും ഗാനങ്ങളും മലയാളിയ്ക്ക് സമ്മാനിച്ചയാളാണ് വിനീത് ശ്രീനിവാസന്‍. തന്റെ സുഹൃത്തും സംവിധായകനുമായ ബേസില്‍ ജോസഫിനെപ്പറ്റി വിനീത് നടത്തിയ പരാമര്‍ശം ആരാധകരില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് വിനീത് ബേസിലിനെപ്പറ്റി മനസ്സുതുറന്നത്. മനോഹരം സിനിമാ ലൊക്കേഷനില്‍ വെച്ചുണ്ടായ മറക്കാനാകാത്ത അനുഭവം ഏതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കവെയായിരുന്നു വിനീതിന്റെ തുറന്നുപറച്ചില്‍.

”മനോഹരം ലൊക്കേഷനില്‍ വെച്ചുണ്ടായ മറക്കാനാകാത്ത അനുഭവമാണ് ബേസിലിന്റെ ഡാന്‍സ്. നമ്മള്‍ മറ്റുള്ളവരുടെ പിറന്നാളൊക്കെയല്ലേ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത്.

എന്നാല്‍ ബേസില്‍ അങ്ങനെയല്ല. സ്വന്തം പിറന്നാള്‍ വളരെയധികം ആഘോഷിക്കുന്നയാളാണ് ബേസില്‍. ലൊക്കേഷനില്‍ അവന്റെ പിറന്നാളിന് കേക്ക് കൊണ്ടുവന്നപ്പോള്‍ അവന്‍ തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ കൈയ്യടിച്ചതും ഡാന്‍സ് കളിച്ചതും.

അവന്‍ തന്നെ കേക്ക് കട്ട് ചെയ്ത് ആദ്യം കഴിക്കുകയും ചെയ്യും. അതിന് ശേഷം ഞാന്‍ പാട്ട് പാടി. ഇവന്‍ ഭയങ്കര ഡാന്‍സ് ഒക്കെയായിരുന്നു. സ്വയം സെലിബ്രേറ്റ് ചെയ്യുന്നയാളാണ് ബേസില്‍.

ആരും വേണ്ട. ഒരു റൂമില്‍ കുറേ കണ്ണാടിയൊക്കെ വെച്ച് ബേസില്‍ ജോസഫിനെ അവിടെയിരുത്തിക്കഴിഞ്ഞാല്‍ അവന്‍ വെളുക്കുവോളം അവനെ തന്നെ കണ്ട് സന്തോഷിച്ച് ഇരുന്നോളും,’ വിനീത് പറഞ്ഞു.

കോളെജ് കാലത്ത് തന്നെ നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്താണ് ബേസില്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. വിനീത് ശ്രീനിവാസന്റെ തിര എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചാണ് ബേസില്‍ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

പിന്നീട് ഹോംലി മീല്‍സ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2015ല്‍ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2017 മേയില്‍ പുറത്തിറങ്ങിയ ഗോദയാണ് ബേസില്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Vineeth Sreenivasan Shares Experience With Basil Joseph

We use cookies to give you the best possible experience. Learn more