| Sunday, 21st April 2024, 3:49 pm

ഹൃദയത്തിന്റെ കഥ കൈതപ്രം സാറിനോട് ബ്രീഫ് ചെയ്തപ്പോള്‍ എന്റെ കഥ പറച്ചില്‍ ആ സംവിധായകന്റേത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2022ല്‍ റിലീസായ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവര്‍ ഒന്നിച്ച ചിത്രം കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ഗംഭീര വിജയം നേടി. അരുണ്‍ എന്ന യുവാവിന്റെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രത്തില്‍ പ്രണവ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 15 പാട്ടുകളുള്ള ചിത്രത്തിലെ എല്ലാ ഗാനങ്ങളും പലരുടെയും പ്ലേലിസ്റ്റ് ഭരിച്ചു.

സിനിമ കണ്ട എല്ലാവരും ഒരുപോലെ ഏറ്റെടുത്ത പാട്ടായിരുന്നു മനസേ മനസേ എന്നത്. കേള്‍ക്കുന്നവരെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന പാട്ടായിരുന്നു അത്. മലയാളത്തിന്റെ സ്വന്തം ഗാനരചയിതാവായ കൈതപ്രമായിരുന്നു ആ പാട്ടിന് വരികള്‍ എഴുതിയത്. ആ ഗാനം എഴുതിയ സമയത്ത് കൈതപ്രവുമായി ഉണ്ടായ അനുഭവങ്ങള്‍ വിനീത് പങ്കുവെച്ചു.

സിനിമയുടെ കഥ കൈതപ്രത്തോട് ബ്രീഫ് ചെയ്തപ്പോള്‍ തന്റെ കഥ പറച്ചില്‍ ലോഹിതദാസിനെ ഓര്‍മിപ്പിച്ചുവെന്ന് കൈതപ്രം പറഞ്ഞുവെന്നും തനിക്ക് കിട്ടിയ വലിയ കോംപ്ലിമെന്റായി അതിനെ കാണുന്നുവെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

‘പാട്ടിന്റെ ട്യൂണ്‍ ഹിഷാം ആദ്യം കമ്പോസ് ചെയ്തു. എന്നിട്ടാണ് ഞാന്‍ കൈതപ്രം സാറിനെ കാണാന്‍ പോയത്. അദ്ദേഹത്തിന്റെയടുത്ത് ഞാന്‍ കഥ ബ്രീഫ് ചെയ്തുകൊടുത്തു. കഥ കേട്ടിട്ട് അദ്ദേഹം പറഞ്ഞത്, ‘മോനേ, നീ കഥ പറയുന്ന രീതി കാണുമ്പോള്‍ എവിടെയൊക്കെയോ എനിക്ക് ലോഹിതദാസിനെ ഓര്‍മ വരുന്നു’ എന്നായിരുന്നു. അത് കഴിഞ്ഞ് ഒരു പത്തു മിനിറ്റിനടുത്ത് അദ്ദേഹം ലോഹി സാറുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

എനിക്ക് അത് വലിയൊരു കോംപ്ലിമെന്റായിരുന്നു. അത്രയും വലിയ ലെജന്‍ഡുമായിട്ടൊക്കെ എന്നെ കംപയര്‍ ചെയ്തത് പുതിയൊരു അനുഭവമായിരുന്നു. അത് മാത്രമല്ല, ലോഹി സാര്‍ നമ്മളെ വിട്ടുപോയി ഇത്ര വര്‍ഷമായിട്ടും അവരുടെയൊക്കെ മനസില്‍ ലോഹി സാറിനുള്ള സ്ഥാനം ഇപ്പോഴും വലുതാണ്. അദ്ദേഹത്തെ ഇപ്പോഴും ഇവര്‍ മിസ് ചെയ്യുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

പിന്നെ ഒരു 10 മിനിറ്റ് കൊണ്ട് അദ്ദേഹം വരികളെഴുതി തന്നു. ഹിഷാമിനോട് ആ ട്യൂണ്‍ പാടാന്‍ പറഞ്ഞു. അവന്‍ ആ ട്യൂണ്‍ പാടി. അപ്പോള്‍ അദ്ദേഹം ‘മനസേ, മനസേ നീ ഒന്നു കേള്‍ക്കൂ’ എന്ന് പാടി. ആ ‘നീ ഒന്ന് കേള്‍ക്കൂ’ എന്ന വരിയില്‍ തന്നെ ഞങ്ങള്‍ ഓകെയായി,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan share the experience with Kaithapram

We use cookies to give you the best possible experience. Learn more