ഗായകനായി കരിയര്‍ ആരംഭിച്ച് അഭിനയത്തിലും, സംവിധാനത്തിലും, നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിച്ച ആളാണ് വിനീത് ശ്രീനിവാസന്‍. മികച്ച സിനിമകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ച വിനീതിന്റെ പുതിയ സംവിധാനസംരംഭമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ട് നെപ്പോട്ടിസത്തിന്റെ പേരില്‍ ബോളിവുഡ് മാത്രം വിമര്‍ശിക്കപ്പെടുന്നുവെന്നും മലയാളത്തിലെ നെപ്പോ കിഡ്‌സിന് നേരെ വിമര്‍ശനം വരുന്നില്ലെന്നും പറയുകയാണ് വിനീത് ശ്രീനിവാസന്‍. മലയാളത്തിലും നിരവധി നെപ്പോ കിഡ്‌സ് ഉണ്ടെന്നും അവര്‍ നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് നല്കാന്‍ വേണ്ടി കഠിനമായി പരിശ്രമിക്കാറുണ്ടെന്നും, അല്ലാത്ത പക്ഷം ഏത് ഇന്‍ഡസ്ട്രിയിലാണെങ്കിലും വിമര്‍ശനം നേരിടേണ്ടി വരുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘എന്തുകൊണ്ട് ബോളിവുഡ് മാത്രം നെപ്പോട്ടിസത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നു എന്ന് എനിക്കറിയില്ല. മലയാളത്തിലും കുറേ സ്റ്റാര്‍കിഡ്‌സ് ഉണ്ട്. പൃഥ്വി, ദുല്‍ഖര്‍, പ്രണവ്, ഫഹദ്, എന്തിന്…ഈ ഞാന്‍ പോലും നെപ്പോകിഡ് ആണ്. പക്ഷേ ഇവര്‍ക്കെല്ലാം അവസരം കിട്ടാന്‍ കാരണം അവര്‍ കഠിനമായി പരിശ്രമിക്കുന്നതുകൊണ്ടാണ്. നല്ല സിനിമകള്‍ ചെയ്താല്‍ അവര്‍ക്ക് വീണ്ടും പ്രൊജക്ട്‌സ് കിട്ടും.
പരാജയപ്പെട്ടിട്ടും തുടര്‍ച്ചയായി വേറെ പ്രൊജക്ടുകള്‍ കിട്ടിയാലാണ് പ്രശ്‌നം. അതിനി ഏത് ഇന്‍ഡസ്ട്രിയിലായാലും അത് വിമര്‍ശിക്കപ്പെടും. മലയാളമായാലും, തെലുങ്കായാലും, തമിഴായാലും, ഹിന്ദിയായാലും അത്തരം കാര്യങ്ങളെ ആളുകള്‍ വിമര്‍ശിക്കും,’ വിനീത് പറഞ്ഞു.
മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മിക്കുന്നത്. ബേസില്‍ ജോസഫ്, അജു വര്‍ഗീസ്, നീരജ് മാധവ്, ഷാന്‍ റഹ്‌മാന്‍, കല്യാണി പ്രിയദര്‍ശന്‍, നീതാ പിള്ളൈ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
Content Highlight: Vineeth Sreenivasan share his opinion about Nepotism