അപ്പു ലാലേട്ടന്റെ അധികം പടങ്ങൾ കണ്ടിട്ടില്ല, കണ്ടതിൽ ഏറ്റവും ഇഷ്ടം ആ ചിത്രമാണ്: വിനീത് ശ്രീനിവാസൻ
Entertainment
അപ്പു ലാലേട്ടന്റെ അധികം പടങ്ങൾ കണ്ടിട്ടില്ല, കണ്ടതിൽ ഏറ്റവും ഇഷ്ടം ആ ചിത്രമാണ്: വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th April 2024, 9:07 am

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. സിനിമാ ആഗ്രഹവുമായി തമിഴ്നാട്ടിലെ കോടമ്പാക്കത്തേക്ക് പോകുന്ന രണ്ടു സുഹൃത്തുക്കളുടെ കഥയാണ് വർഷങ്ങൾക്ക് ശേഷം.

ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വമ്പൻ താരനിര ഒന്നിക്കുന്നുണ്ട്. ഏറെ നാളുകൾക്ക് ശേഷം വിനീതിനൊപ്പം നിവിൻ പോളിയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. അതിഥി വേഷത്തിലാണ് താരം പടത്തിൽ എത്തുന്നത്.

പ്രണവ് മോഹൻലാലിന്റെ മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു ഹൃദയം. തുടർച്ചയായി രണ്ടാമത്തെ ചിത്രത്തിലും വിനീതിനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിലെ റിലീസായ ഒരു പാട്ടിൽ പ്രണവിന്റെ മാനറിസവും പ്രകടനവും കണ്ട് ഇത് പഴയ മോഹൻലാൽ ആണെന്ന് നിരവധിപേർ പറഞ്ഞിരുന്നു.

എന്നാൽ പ്രണവ്, മോഹൻലാലിന്റെ സിനിമകൾ അധികം കണ്ടിട്ടില്ലെന്നും കണ്ടതിൽ ഏറ്റവും ഇഷ്ടം സദയം എന്ന ചിത്രമാണെന്നും വിനീത് ശ്രീനിവാസൻ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിന് മുമ്പ് മോഹൻലാലിന്റെ പടങ്ങൾ കാണാൻ താൻ പ്രണവിനോട് പറഞ്ഞിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘വർഷങ്ങൾക്ക് ശേഷത്തിന്റെ ഷൂട്ട്‌ തുടങ്ങുന്ന സമയത്ത് അപ്പു ലാൽ അങ്കിളിന്റെ ഒരുപാട് പടങ്ങൾ കണ്ടിട്ടില്ലായിരുന്നു. അവൻ ഭയകര ഇഷ്ടമുള്ള പടം സദയമാണ്. ആ ചിത്രം ഒരുപാട് ഇഷ്ടമാണ്. സദയം കണ്ടിട്ടുണ്ട് അതുപോലെ സ്ഫടികം കണ്ടിട്ടുണ്ട് പിന്നെ കിലുക്കം. അങ്ങനെ കുറച്ച് പടങ്ങൾ കണ്ടിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷത്തിന്റെ ഷൂട്ട്‌ തുടങ്ങുന്നതിന് മുമ്പ് ഞാൻ അവനോട് ലാൽ അങ്കിളിന്റെ കുറച്ച് സിനിമകൾ കാണാൻ പറഞ്ഞു. അപ്പോൾ അവൻ എന്നോട് പറഞ്ഞത്, കുഴപ്പമില്ലാ കണ്ടാൽ ചിലപ്പോൾ ഇമിറ്റേഷൻ വരുമെന്നായിരുന്നു.

അങ്ങനെയായിരുന്നു അവൻ നിന്നത്. പക്ഷെ അവന്റെ ബോഡിയിൽ അതുണ്ട്. അതുകൊണ്ടാണ് ചിത്രത്തിലെ പാട്ടൊക്കെ കാണുമ്പോൾ ആളുകൾക്ക് ലാലങ്കിളിനെ ഓർമ വരുന്നത്,’ വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan Says That Pranav’s Favorite Mohanlal Film Is Sadhayam