| Wednesday, 27th March 2024, 4:54 pm

ഈ സിനിമയില്‍ വൈറലാവുന്ന പാട്ട് എനിക്ക് വേണ്ടെന്നാണ് അമൃതിനോട് ആദ്യം പറഞ്ഞത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1970കളിലെ ചെന്നൈയുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സിനിമയില്‍ നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലീഫീ സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ സംഗീത സംവിധായകനോട് ആദ്യം പറഞ്ഞ കാര്യം തനിക്ക് വൈറലാകുന്ന പാട്ടുകള്‍ ഈ സിനിമക്ക് വേണ്ട എന്നായിരുന്നുവെന്ന് വിനീത് വെളിപ്പെടുത്തി. പെട്ടെന്ന് ഉണ്ടാകുന്ന ട്രെന്‍ഡില്‍ കുറച്ചുകാലം മാത്രമേ ആളുകള്‍ അത്തരം പാട്ടുകള്‍ ഓര്‍ത്തിരിക്കൂവെന്ന് എന്ന് വിനീത് പറഞ്ഞു. അതിന് പകരം തനിക്ക് വേണ്ടിയിരുന്നത് കുറച്ചുകാലം എടുത്താലും ആളുകള്‍ അംഗീകരിക്കുന്ന പാട്ടുകളാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

‘ഈ സിനിമയെപ്പറ്റി അമൃതിനോട് സംസാരിച്ചപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞ കാര്യം, എനിക്ക് വൈറലാകുന്ന പാട്ടുകള്‍ വേണ്ട എന്നാണ്. അതിന്റെ കാരണം എന്താണെന്ന് പറഞ്ഞാല്‍, പെട്ടെന്നുള്ള ഒരു ബൂമില്‍ നില്‍ക്കുന്ന പാട്ടുകളോട് എനിക്ക് താത്പര്യമില്ല. ഒരു എക്‌സാമ്പിള്‍ പറയുവാണെങ്കില്‍, തിരുവാവണി രാവ് എന്ന പാട്ട് അപ്‌ലോഡ് ചെയ്തതിന്റെ പിറ്റേദിവസം ഞാന്‍ നോക്കുമ്പോള്‍ വെറും 35000 പേര് മാത്രമേ അത് കണ്ടിട്ടുള്ളൂ.

മുത്തുച്ചിപ്പി പോലൊരു എന്ന പാട്ടും ഇതുപോലെയായിരുന്നു. അന്ന് പിന്നെ ഈ യൂട്യൂബ് അത്ര സെന്‍സേഷണല്‍ അല്ലായിരുന്നു. ഇന്റര്‍നെറ്റും, യൂട്യൂബുമൊക്കെ പോപ്പുലറായ ശേഷം ആ പാട്ട് ഒരൊറ്റ കയറ്റമായിരുന്നു. തിരുവാവണി രാവ് എന്ന പാട്ട് വന്നത് യൂട്യൂബ് ഒക്കെ പോപ്പുലറായ സമയത്താണ്. ആദ്യത്തെ ദിവസം വെറും 35000 വ്യൂസ് മാത്രമുണ്ടായിരുന്ന പാട്ട് ഇന്ന് നോക്കുമ്പോള്‍ എത്ര മില്ല്യണ്‍ ആള്‍ക്കാര്‍ കണ്ടെന്ന് നോക്കുമ്പേള്‍ മനസിലാകും. പതിയെ ആണെങ്കിലും ആളുകള്‍ എന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന പാട്ടുകളോടാണ് എനിക്ക് താത്പര്യം,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan says that he did not want viral songs in Varshangalkku Sesham movie

We use cookies to give you the best possible experience. Learn more