| Tuesday, 9th April 2024, 6:59 pm

ആ ചിത്രങ്ങളെല്ലാം തിയേറ്റർ ഫിലിംസാണ്, ഒ.ടി.ടിയിൽ കാണുകയാണെങ്കിലും ബിഗ് സ്‌ക്രീനിൽ കാണണം: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താര പുത്രനാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് പിന്നീട് നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തിരുന്നു.

ഹൃദയത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, കല്ല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗിസ്, ഷാന്‍ റഹ്‌മാന്‍, നിവിന്‍ പോളി എന്നിവര്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര തന്നെ ഒന്നിക്കുന്നുണ്ട്.

സിനിമകൾ തിയേറ്ററിൽ നിന്ന് കാണണമെന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ജാൻ- എ- മൻ, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്റർ സിനിമകളാണെന്നും ഫോൺ എന്ന ഉപകരണം വിളിക്കാൻ ഉള്ളതാണെന്നും വിനീത് പറയുന്നു. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു താരം.

‘ഒരിക്കൽ കണ്ട പടം ഒരുവട്ടം കൂടെ കാണാൻ ഒ. ടി. ടി ബെസ്റ്റ് ഓപ്‌ഷനാണ്. എന്നാൽ തിയേറ്റർ എന്ന് പറയുന്നത് എപ്പോഴും തിയേറ്ററാണ്. ജാൻ-എ -മനൊക്കെ തിയേറ്റർ ഫിലിമാണ്. അതുപോലെ രോമാഞ്ചം,ന്നാ താൻ കേസ് കൊട് അതെല്ലാം. തിയേറ്റർ ഫിലിമാണ്.

ഒ. ടി. ടിയിൽ കാണുകയാണെങ്കിലും ബിഗ് സ്‌ക്രീനിൽ കാണണം. ഫോണിൽ സിനിമ കാണരുത്. ഫോൺ വിളിക്കാൻ ഉള്ളതാണ്. പടം കാണാൻ വേണ്ടിയല്ല. അതിന് വേണ്ടി കണ്ടുപിടിച്ച സാധനമല്ല ഫോൺ. അത് ഫോൺ ചെയ്യാനാണ്,’വിനീത് ശ്രീനിവാസൻ പറയുന്നു.

കഴിഞ്ഞ വർഷം ആളുകൾ തിയേറ്ററിലേക്ക് വരില്ലെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും വിനീത് പറഞ്ഞു.

‘കഴിഞ്ഞ വർഷം എന്തൊക്കെയാണ് പറഞ്ഞു കൊണ്ടിരുന്നത്. ആളുകൾ തിയേറ്ററിൽ വരില്ല. ഇനി ഒ. ടി. ടിയിലെ ആളുകൾ പടം കാണുകയുള്ളൂ. ഫാമിലി തിയേറ്ററിലേക്ക് വരില്ല. എന്നാൽ ഇപ്പോൾ എന്താണ് നടക്കുന്നത്. അതാണ് ശരിക്കും നമ്മുടെ ഏറ്റവും വലിയ ഹാപ്പിനെസ്സ്,’വിനീത് ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Vineeth Sreenivasan Says That Films Should Watch In Theaters

We use cookies to give you the best possible experience. Learn more