അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്: വിനീത് ശ്രീനിവാസന്‍
Entertainment news
അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 31st January 2022, 9:55 am

ഗായകനായി സിനിമമേഖലയിലേക്കെത്തി പിന്നീട് അഭിനയത്തിലും സംവിധാനത്തിലുമൊക്കെ പ്രതിഭ തെളിയിച്ച കലാകാരനാണ് വിനീത് ശ്രീനിവാസന്‍.

2009 ല്‍ ജോണി ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലൂടെയാണ് വിനീത് അഭിനയത്തിലേക്ക് കടക്കുന്നത്. അതിനു മുമ്പേ ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയിരുന്നു.

സൈക്കിളില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും 2011 ല്‍ പുറത്ത് വന്ന ട്രാഫിക്ക്, ചാപ്പാ കുരിശ് എന്നിവയിലെ അഭിനയം ശ്രദ്ധനേടി. പിന്നീട് പുറത്തിറങ്ങിയ ഒരു വടക്കന്‍ സെല്‍ഫി, കുഞ്ഞിരാമായണം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ പോലെയുള്ള ചിത്രങ്ങിലൂടെ താനൊരു മികച്ച അഭിനേതാവാണെന്ന് കൂടി വിനീത് തെളിയിച്ചു.

ഇതിനിടക്ക് 2010 ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ ചിത്രത്തിലൂടെ  സംവിധാനരംഗത്തും വിനീത് പ്രവേശിച്ചു. സംവിധാനത്തിനിടക്കുള്ള അഭിനയം ബുദ്ധിമുട്ടുള്ളതാണെന്ന് പറയുകയാണ് വിനീത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അഭിനയിച്ചപ്പോഴാണ് ഇത് മനസിലായതെന്നും വിനീത് പറഞ്ഞു. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കുമെന്നും ഇതെല്ലാം പ്രശ്നമാകുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ന്യസിനോടായിരുന്നു വിനീതിന്റെ പ്രതികരണം.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ രണ്ടുദിവസം അഭിനയിച്ചപ്പോഴാണ് മനസ്സിലാക്കിയത്. ഞാന്‍ കൂടി അഭിനയിക്കുമ്പോള്‍ ഷൂട്ടിന്റെ വേഗം കുറയും. ഞാന്‍ ക്യാമറയുടെ പിറകില്‍ നില്‍ക്കുമ്പോള്‍ എന്റെ സ്പീഡാണ് മൊത്തം ക്രൂവിന് ലഭിക്കുന്നത്.

മറിച്ച്, ഞാനഭിനയിക്കുന്ന സമയത്ത് ഓരോ ഷോട്ട് കഴിയുമ്പോഴും ഓടി വന്ന് മോണിറ്ററില്‍ എന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, ഒന്നിച്ച് അഭിനയിക്കുന്ന നിവിന്റെ അഭിനയം എങ്ങനെയുണ്ടെന്ന് നോക്കുക, അതുപോലെ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കൂടെ അഭിനയിക്കുന്ന ആളുടെ പെര്‍ഫോമന്‍സ് ഒരു സംവിധായകന്റെ കണ്ണിലൂടെ ഞാന്‍ ശ്രദ്ധിക്കും. ഇതെല്ലാം പ്രശ്നമാണ്. അന്ന് തീരുമാനിച്ചതാണ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇനി അഭിനയിക്കില്ലെന്ന്,’ വിനീത് പറഞ്ഞു.

അതേസമയം നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘ഹൃദയം’ ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.


Content Highlight: vineeth sreenivasan says that de decided not act his his own directorial movies