'ഹൃദയം' മാറ്റി വെക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി വിനീത് ശ്രീനിവാസന്‍
Film News
'ഹൃദയം' മാറ്റി വെക്കില്ല; അഭ്യൂഹങ്ങള്‍ തള്ളി വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 20th January 2022, 8:00 pm

 

കൊവിഡ് ഭീതി തുടരുന്നതിനിടെ പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിന്റെ റിലീസ് മാറ്റിവെക്കില്ലെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കുന്നത്.

നേരത്തെ, വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിലീസ് മാറ്റി വെക്കില്ലെന്ന് വിനീത് വ്യക്തമാക്കുന്നത്.

‘സണ്‍ഡേ ലോക്ക്‌ഡൌണ്‍ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയില്‍ വാര്‍ത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങള്‍ തിയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഹൃദയം കാണാന്‍ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ആവേശപൂര്‍വം സിനിമ കാണാന്‍ വരൂ. നാളെ തീയേറ്ററില്‍ കാണാം,’ വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കൊവിഡ് കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനോടകം തന്നെ നാരദന്‍, സല്യൂട്ട് മുതലായ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. എങ്കിലും ചിത്രത്തിന്റെ റിലീസുമായി മുന്നോട്ട് പോവുകയാണ് വിനീത്.

Hridayam (2022) - IMDbകഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. പരിപാടിക്കിടയില്‍ വലിയ ബോക്സ് ഓഫീസ് സാധ്യതയുള്ള ഒരു ചിത്രം കൊവിഡ് കാലത്തുതന്നെ പുറത്തിറക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിനീതിന്റെ പ്രതികരണം ഇങ്ങനെ:

‘കൊവിഡ് ഇനിയൊരു രണ്ട്, രണ്ടര കൊല്ലം നമുക്കൊപ്പം തന്നെയുണ്ടാവും. അത് ഒരു യാഥാര്‍ഥ്യമാണ്. നമുക്ക് കൊവിഡിനെ മാറ്റിനിര്‍ത്തി ഇനി മുന്നോട്ടുപോവാന്‍ പറ്റില്ല. തിയേറ്റര്‍ ഒരു സുരക്ഷിത സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് തരംഗങ്ങളുടെ സമയത്തും തിയറ്ററില്‍ നിന്ന് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യക്തിപരമായി ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കാണുന്ന ആളാണ്,’ വിനീത് പറഞ്ഞു.

‘പിന്നെ വിശാഖിന് (നിര്‍മ്മാതാവ്) തിയറ്ററുകാരില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ ഞാന്‍ കാണാറുള്ളതാണ്. സിനിമകള്‍ റിലീസ് മാറ്റുമ്പോള്‍ അവരും പ്രതിസന്ധിയിലാണ്. അവന്‍ ഒരു തിയേറ്റര്‍ ഉടമ എന്ന നിലയില്‍ അവരുടെ കൂടെ നില്‍ക്കണം എന്ന തീരുമാനം എടുത്തതാണ്. ലാഭം എന്നതിനേക്കാള്‍ നമ്മുടെ സിനിമ ഈ സമയത്ത് ആളുകളിലേക്ക് എത്തിക്കുക എന്നതാണ് വിശാഖ് തീരുമാനിച്ചിട്ടുള്ളത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹൃദയം ജനുവരി 21ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ എത്തുമെന്നും വിനീത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റെന്നും വിനീത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Vineeth Sreenivasan says Hridayam’s release will not be postponed