| Wednesday, 27th March 2024, 8:34 am

ഹൃദയത്തില്‍ എനിക്ക് എല്ലാം സര്‍പ്രൈസായിരുന്നു; അത്ഭുതത്തേക്കാള്‍ ഇപ്പോള്‍ അപ്പുവില്‍ വിശ്വാസമാണ്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍ – കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ വീണ്ടും ഒരുമിക്കുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹൃദയത്തിലെ പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ പ്രണവിന്റെ അത്ഭുതപെടുത്തുന്ന പെര്‍ഫോമന്‍സ് ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘അത്ഭുതപെടുത്തുന്ന പെര്‍ഫോമന്‍സ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ അപ്പുവാകുമ്പോള്‍ നമുക്ക് അറിയാം. കഴിഞ്ഞ തവണ എനിക്ക് എല്ലാം സര്‍പ്രൈസായിരുന്നു. ഇപ്പോള്‍ സീന്‍ ചാര്‍ട്ട് ചെയ്യുമ്പോള്‍ ലോങ്ങ് സീനാണെങ്കില്‍ പോലും അപ്പുവായത് കൊണ്ട് അത് നന്നായി ചെയ്യുമെന്ന് നമുക്ക് അറിയാം.

അവനില്‍ ആ ഒരു വിശ്വാസമുണ്ട്. അത്ഭുതത്തേക്കാള്‍ കൂടുതല്‍ വിശ്വാസം എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഒരു ദിവസം ഫോണ്‍ കട്ട് ഷൂട്ട് ചെയ്യാന്‍ ഉണ്ടായിരുന്നു. അതില്‍ മൂന്നുനാല് പേജുകളുണ്ട്. അന്ന് എ.ഡി വന്നിട്ട് ‘ചേട്ടാ ഒമ്പതരയാകുമ്പോള്‍ ഷൂട്ടിങ് നിര്‍ത്തണ്ടേ.

അപ്പോള്‍ ഷൂട്ടിങ് ഒമ്പത് മണിക്ക് തുടങ്ങിയാല്‍ തീരുമോ’ എന്ന് ചോദിച്ചു. അപ്പോഴേക്കും ഷൂട്ട് ചെയ്ത് തീരുമെന്ന് ഞാന്‍ മറുപടി പറഞ്ഞു. 9:25 ആയപ്പോഴേക്കും അപ്പു ആ സീന്‍ ചെയ്ത് അവസാനിപ്പിച്ചു. അവനോട് വലിയ ഒരു വിശ്വാസമായി.

എല്ലാം പഠിച്ചിട്ടേ അപ്പു വരികയുള്ളൂ. കറക്ഷന്‍സുണ്ടെങ്കില്‍ പറയാമെന്നതെയുള്ളൂ. മറ്റൊന്നും കാര്യമായി ബ്രീഫ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഷൂട്ടിന് മുമ്പ് എല്ലാം പഠിച്ചിട്ടാണ് അപ്പു വരിക. അവന്റെ ഡയലോഗ് മാത്രമല്ല എല്ലാം അറിയാം. കൂടെ നില്‍ക്കുന്നവരുടെ ഡയലോഗ് പോലും പഠിച്ചിട്ടുണ്ടാകും. ഫുള്‍ സ്‌ക്രിപ്റ്റ് അറിയാം,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രണവ് മോഹന്‍ലാലിന് പുറമെ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെയാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം നിവിന്‍ പോളി ഗസ്റ്റ് റോളിലുമെത്തുന്നുണ്ട്.


Content Highlight: Vineeth Sreenivasan Says He Believes Pranav mohanlal

We use cookies to give you the best possible experience. Learn more