Entertainment
ആ സിനിമയിലെ വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ച് മൂന്ന് സംവിധായകരെ ഞാന്‍ സമീപിച്ചിരുന്നു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 28, 11:26 am
Tuesday, 28th January 2025, 4:56 pm

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലൂടെ ഗായകനായി സിനിമയിലേക്ക് കടന്നുവന്നയാളാണ് വിനീത് ശ്രീനിവാസന്‍. പിന്നീട് നടനായും സംവിധായകനായും നിര്‍മാതാവായും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ വിനീതിന് സാധിച്ചു. നിവിന്‍ പോളിയുമായി വിനീത് ശ്രീനിവാസന്‍ ഒന്നിച്ചപ്പോഴെല്ലാം മലയാളികള്‍ക്ക് മികച്ച ചിത്രങ്ങള്‍ മാത്രമായിരുന്നു ലഭിച്ചത്.

നിവിന്‍ പോളി- വിനീത് കോമ്പോയില്‍ 2016ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. തന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനീത് ജേക്കബിന്റെ സ്വര്‍ഗരാജ്യം ഒരുക്കിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് തമിഴ് നടന്‍ അശ്വിന്‍ കുമാറായിരുന്നു.

എന്നാല്‍ ആ കഥാപാത്രത്തിനായി താന്‍ ആദ്യം സമീപിച്ചത് സംവിധായകന്‍ അന്‍വര്‍ റഷീദിനെയായിരുന്നെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ആ വേഷം ചെയ്യാമോ എന്ന് അന്‍വര്‍ റഷീദിനെ വിളിച്ച് ചോദിച്ചെന്നും തനിക്ക് പറ്റില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. പിന്നീട് ആ വേഷത്തിലേക്ക് ആഷിക് അബുവിനെ പരിഗണിച്ചിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ സമയത്ത് മഹേഷിന്റെ പ്രതികാരത്തിന്റെ പ്രൊഡക്ഷന്‍ നടക്കുന്നത് കൊണ്ട് അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. പിന്നീട് ആ വേഷത്തിലേക്ക് ഗൗതം വാസുദേവ് മേനോനെ സമീപിച്ചെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഷൂട്ടിന് മുമ്പ് മറ്റ് ചില കാരണങ്ങളാല്‍ അദ്ദേഹം പിന്മാറിയെന്നും ഏറ്റവുമൊടുവിലാണ് അശ്വിന്‍ ആ സിനിമയിലേക്കെത്തിയതെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അന്‍വര്‍ റഷീദ് നന്നായി അഭിനയിക്കുമെന്ന് തന്നോട് ആദ്യം പറഞ്ഞത് സമീര്‍ താഹിറായിരുന്നെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ചാപ്പാ കുരിശ് എന്ന സിനിമ ചെയ്യുന്ന സമയത്താണ് സമീര്‍ ഇക്കാര്യം തന്നോട് പറഞ്ഞതെന്നും കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹം ബെസ്റ്റ് ആക്ടറായിരുന്നെന്നും വിനീത് പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ ഒരു വേഷം ചെയ്യാന്‍ ഞാന്‍ അമ്പുക്കയെ വിളിച്ചിരുന്നു. മുരളി മേനോന്‍ എന്ന ക്യാരക്ടര്‍ ചെയ്യാനായിരുന്നു അദ്ദേഹത്തെ വിളിച്ചത്. ‘അമ്പുക്ക, ഇങ്ങനെയൊരു സിനിമ ഞാന്‍ ചെയ്യുന്നുണ്ട്, ഒരു റോളുണ്ട്’ എന്ന് പറഞ്ഞപ്പോള്‍ തന്നെ ‘പറ്റില്ല’ എന്ന് പുള്ളി പറഞ്ഞു. അത് കഴിഞ്ഞ് ആഷിക് അബുവിനെ സമീപിച്ചു. പക്ഷേ, ആ സമയത്ത് മഹേഷിന്റെ പ്രതികാരത്തിന്റെ പ്രൊഡക്ഷന്‍ നടക്കുകയായിരുന്നു.

പിന്നീട് ഗൗതം മേനോന്‍ സാറിന്റെയടുത്ത് കഥ പറഞ്ഞു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു, ചെയ്യാമെന്നും പറഞ്ഞു. പക്ഷേ, ഷൂട്ടിന് മുമ്പ് മറ്റ് ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് പിന്മാറേണ്ടി വന്നു. അങ്ങനെയാണ് ആ വേഷം അശ്വിനിലേക്ക് എത്തിയത്. അമ്പുക്ക നല്ല നടനാണെന്ന് എന്നോട് പറഞ്ഞത് സമീര്‍ താഹിറാണ്. ചാപ്പാ കുരിശ് ചെയ്യുന്ന സമയത്താണ് ഈ കാര്യം ഞാന്‍ അറിയുന്നത്. കോളേജില്‍ പഠിക്കുന്ന സമയത്ത് പുള്ളി ബെസ്റ്റ് ആക്ടറൊക്കെ ആയിട്ടുണ്ട്,’ വിനീത് ശ്രീനിവാസന്‍ പറയുന്നു.

Content Highlight: Vineeth Sreenivasan says he approached Aashiq Abu and Anwar Rasheed to play villain role in Jacobinte Swargarajyam