| Monday, 1st April 2024, 12:45 pm

ഒന്നും പറയരുതെന്ന് ധ്യാനിനോട് ഞാൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം. ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ കൂടെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. എന്നാൽ ധ്യാനിനോട് താൻ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ.

താൻ കഴിഞ്ഞ ദിവസം ധ്യാനിനോട് സംസാരിച്ചിരിക്കുമ്പോഴാണ് സ്ക്രിപ്റ്റ് കേൾക്കാത്തതിനെക്കുറിച്ച് അവൻ തന്നോട് പറയുന്നതെന്നും വിനീത് കൂട്ടിച്ചേർത്തു. അപ്പോഴാണ് സെക്കന്റ് ഹാഫ് ധ്യാൻ കേൾക്കാത്തത് തനിക്ക് ഓർമ വന്നതെന്നും സിനിമയെക്കുറിച്ച് ഒന്നും പറയരുതെന്ന് സത്യം ചെയ്യിപ്പിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ധ്യാനിന്റെ അടുത്ത് സെക്കൻഡ് ഹാഫ് പറഞ്ഞിട്ടേയില്ല. കഴിഞ്ഞ ദിവസം ഞാൻ ഇങ്ങനെ ധ്യാനിനോട് സംസാരിക്കുമ്പോൾ ഞാൻ മാത്രമേ സ്ക്രിപ്റ്റ് കേൾക്കാത്തത് ഉള്ളൂ എന്നവൻ എന്നോട് പറഞ്ഞു. അപ്പോൾ ഫസ്റ്റ് നിന്നോട് പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോൾ സെക്കൻഡ് ഹാഫോ എന്നവൻ തിരിച്ച് ചോദിച്ചു. അപ്പോഴാണ് സെക്കന്റ് ഹാഫ് പറഞ്ഞിട്ടില്ലെന്ന് ഞാൻ അറിയുന്നത്. അവനോട് ഒന്നും പറയരുതെന്ന് ഞാൻ സത്യം ചെയ്യിപ്പിച്ചിട്ടുണ്ട്,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.

ചിത്രത്തിൽ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്.

വിനീതിന്റെ സുഹൃത്തുക്കൾ ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും വർഷങ്ങൾക്ക് ശേഷത്തിനുണ്ട്. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണിയാണ്. മ്യൂസിക് കമ്പോസ് ചെയ്തത് അമൃത് രാംനാഥ്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: Vineeth sreenivasan says dhyan did not know second half script of varshangalkkshesham

We use cookies to give you the best possible experience. Learn more