മലയാളസിനിമയുടെ ഓള്‍ റൗണ്ടര്‍മാരാണ് പൃഥ്വിരാജും വിനീത് ശ്രീനിവാസനും. സിനിമയിലെ പല മേഖലകളിലും തങ്ങളുടെ കയ്യൊപ്പ് പതിപ്പിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തവരാണ് രണ്ടുപേരും. പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോള്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്കു ശേഷം റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആടുജീവിതം എന്ന സിനിമ കേരളത്തിന് പുറത്ത് എല്ലായിടത്തും എത്തിക്കാന്‍ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് വിനീത് സംസാരിച്ചു. പൃഥ്വിരാജ് എന്ന വ്യക്തിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ടെന്നും, ആടുജീവിതം ഇത്രയും പേരിലേക്ക് എത്താന്‍ കാരണം പൃഥ്വിരാജാണെന്നും വിനീത് പറഞ്ഞു. മലയാളസിനിമയുടെ ടോര്‍ച്ച് ബെയററാണ് പൃഥ്വിയെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
‘രാജു എന്ന ആക്ടറെക്കുറിച്ചല്ല, രാജു എന്ന വ്യക്തിക്ക് ചെയ്യാന്‍ പറ്റുന്ന കുറച്ച് കാര്യങ്ങളുണ്ട്. രാജുവിന് ഒരു സിനിമ ചെയ്ത് അത് ഇന്ത്യ മുഴുവന്‍ ക്യാരി ചെയ്ത് കൊണ്ടുപോകാന്‍ പറ്റും. മലയാളസിനിമയുടെ ടോര്‍ച്ച്‌ബെയററാണ് രാജു. അവന്‍ ഒരു ടോര്‍ച്ചുമായി മുന്നില്‍ പോയാല്‍ നമുക്കും അതുപോലുള്ള ടോര്‍ച്ചുകളുമായി പിന്നാലം പോകാന്‍ പറ്റും. മലയാളസിനിമയുടെ ലീഡറാണ് രാജു എന്ന് പറഞ്ഞാലും അതില്‍ തെറ്റില്ല,’ വിനീത് പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സമവിധാനം ചെയ്യുന്ന സിനിമയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. ധ്യാന്‍ ശ്രീനിവാസന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. നിവ്ന്‍ പോളിയും സിനിമയില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് സിനിമ നിര്‍മിക്കുന്നത്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Vineeth Sreenivasan saying that Prithviraj is the torch bearer of Malayalam cinema