| Tuesday, 16th April 2024, 9:17 am

ഹിറ്റായ എന്റെ പല സിനിമകളെക്കാള്‍ പലരും സംസാരിക്കാന്‍ പോകുന്നത് ഹിറ്റാവാത്ത ആ സിനിമയെക്കുറിച്ചാകും: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ എന്ന നിലയില്‍ പല ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും തനിക്ക് തൃപ്തി നല്‍കിയതും ഭാവിയില്‍ ആളുകള്‍ കൂടുതല്‍ സംസാരിക്കാന്‍ പോകുന്നതും ഹിറ്റാവാതെ പോയ തങ്കം എന്ന സിനിമയെക്കുറിച്ചായിരിക്കുമെന്ന് വിനീത് പറഞ്ഞു. തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

സഹീദ് അറാഫത്ത് സംവിധാനം ചെയ്ത് ബിജു മേനോനും, വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2023ല്‍ പുറത്തിറങ്ങിയ സിനിമയാണ് തങ്കം. ശ്യാം പുഷ്‌കരനായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വ്യത്യസ്ത രീതിയില്‍ ഒരുക്കിയ ത്രില്ലര്‍ ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തില്‍ വിനീതിന്റെ പ്രകടനം മികച്ചതായിരുന്നു.

‘തങ്കം എന്ന സിനിമ കണ്ടിട്ട് ഞാന്‍ വളരെ ഹാപ്പിയായിരുന്നു. ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ലെങ്കിലും വരും കാലത്ത് ആ സിനിമയെപ്പറ്റി ആളുകള്‍ സംസാരിക്കുമെന്ന് ഉറപ്പാണ്. കാരണം അതിനുള്ള വിഷയം തങ്കത്തിലുണ്ട്. ലൈഫുള്ള ഒരു സിനിമയാണത്. എന്റെ ഹിറ്റായിട്ടുള്ള പല സിനിമകള്‍, അതില്‍ ഞാന്‍ സംവിധാനം ചെയ്ത സിനിമകളും ഉണ്ടാകും. അതൊക്കെ കുറച്ചു കാലം കഴിഞ്ഞ് ആളുകള്‍ മറക്കും, പക്ഷേ തങ്കത്തിന് അങ്ങനെ ഉണ്ടാകില്ല,’ വിനീത് പറഞ്ഞു.

അതേസമയം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന താരങ്ങള്‍. നിവിന്‍ പോളിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. 1970കളുടെ പശ്ചാത്തലത്തില്‍ മദിരാശിയിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

Content highlight: Vineeth Sreenivasan saying that his movie Thankam will appreciate by audience in future

We use cookies to give you the best possible experience. Learn more