ആ സിനിമയില്‍ സീനിയര്‍ ആയിട്ടുള്ള ഏതെങ്കിലും മ്യൂസിക് ഡയറക്ടറെ വെച്ചാലോ എന്ന് ആലോചിച്ചതായിരുന്നു: വിനീത് ശ്രീനിവാസന്‍
Entertainment
ആ സിനിമയില്‍ സീനിയര്‍ ആയിട്ടുള്ള ഏതെങ്കിലും മ്യൂസിക് ഡയറക്ടറെ വെച്ചാലോ എന്ന് ആലോചിച്ചതായിരുന്നു: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 12:29 pm

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ സീനിയറായിട്ടുള്ള സംഗീത സംവിധായകരെ വെച്ചാലോ എന്ന് ആലോചനയുണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍. ലീഫീ സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്. കഥ നടക്കുന്നത് 1970 കാലഘട്ടത്തിലായതുകൊണ്ട് കുറച്ച് എക്‌സ്പീരിയന്‍സുള്ള ആളെ നോക്കിയാലോ എന്ന് ആലോചിച്ചതെന്നും വിനീത് പറഞ്ഞു. എന്നാല്‍ അതിന് ശേഷം അമൃത് രാമാനന്ദിനെ കണ്ട് സംസാരിച്ച ശേഷം ആ തീരുമാനം മാറ്റുകയായിരുന്നുവെന്നും വിനീത് പറഞ്ഞു.

‘ഈ സിനിമയില്‍ ഒരു സീനിയര്‍ മ്യൂസിക് ഡയറക്ടര്‍ വേണമെന്ന് എനിക്കുണ്ടായിരുന്നു. കാരണം 1970കളില്‍ നടക്കുന്ന കഥയാണല്ലോ ഇത്. അപ്പോള്‍ ഒരു സീനിയര്‍ മ്യൂസിക് ഡയറ്കടറെ വെച്ചാല്‍ നന്നാകുമെന്ന് തോന്നി. ഞാന്‍ ഇതുവരെ അങ്ങനെയൊരാളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് അങ്ങനെയൊരാളെ അപ്പ്രോച്ച് ചെയ്താലോ എന്ന് ആലോചിച്ചു. അന്ന് രാത്രി ഒരു ആ മ്യൂസിക് ഡയറക്ടറെ വിളിക്കാന്‍ ഫോണ്‍ കൈയിലെടുത്തതായിരുന്നു. ആളുടെ പേര് ഓഫ് ദ റെക്കോഡ് ആയി പറയാം.

ഫോണ്‍ വിളിക്കാന്‍ പോയപ്പോള്‍ ഞാന്‍ വിചാരിച്ചു, രാത്രി വിളിക്കണ്ടെന്ന്. രാത്രി തീരുമാനങ്ങള്‍ എടുക്കുന്നത് ശരിയല്ലെന്ന് പണ്ടുതൊട്ടേ എന്റെ മൈന്‍ഡിലുള്ളതാണ്. രാവിലെ വിളിക്കാമെന്ന് വിചാരിച്ച് ഫോണ്‍ താഴെ വെച്ചു. അടുത്ത ദിവസം രാവിലെ വേറെ കുറേ തിരക്കുകള്‍ കാരണം വിളിക്കാന്‍ വിട്ടുപോയി. അന്ന് വൈകുന്നേരമാണ് അമൃതും ഞാനും തമ്മില്‍ വാട്ട്‌സാപ്പില്‍ ചാറ്റ് ചെയ്യുന്നത്. ദിവ്യയാണ് എന്നോട് അമൃതിനെപ്പറ്റി പറയുന്നത്. അവന്റെ ഇന്‍ഡിപ്പെന്‍ഡന്റ് സോങുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്.

അവനോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞു. വീട്ടിലേക്ക് വന്നപ്പോള്‍ അവന്‍ റിലീസാകാത്ത കുറച്ച് പാട്ടുകള്‍ കേള്‍പ്പിച്ചുതന്നു. പാടാന്‍ വേണ്ടിയാണ് അവന്‍ ശരിക്കും വന്നത്. എനിക്കത് അറിയില്ലായിരുന്നു. മ്യൂസിക് ഡയറക്ടറാകാനാണ് വന്നതെന്നാ ഞാന്‍ വിചാരിച്ചത്. റിലീസ് ചെയ്യാത്ത പാട്ടുകള്‍ കേട്ടപ്പോള്‍ ഇത് നമ്മുടെ പടത്തിന് ചേരുന്നതാണല്ലോ എന്ന് തോന്നി. അങ്ങനെയാണ് ഞാന്‍ അമൃതിനെ ഈ സിനിമക്ക് വേണ്ടി തെരഞ്ഞെടുത്തത്,’ വിനീത് പറഞ്ഞു.

Content Highllight: Vineeth Sreenivasan saying that he planned to approach for a senior music director in Varshangalkku Sesham movie