Entertainment
ആ വിജയ് ചിത്രത്തില്‍ അഭിനയിക്കാന്‍ സംവിധായകന്‍ വിളിച്ചതായിരുന്നു, പക്ഷേ പോകാന്‍ പറ്റിയില്ല: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 02, 11:48 am
Tuesday, 2nd April 2024, 5:18 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനുമാണ് നായകന്മാര്‍. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമ ഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് വിനീത് സംസാരിച്ചു. വിജയ്- വെങ്കട് പ്രഭു എന്നിവര്‍ ഒന്നിക്കുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ അഭിനയിക്കാന്‍ സംവിധായകന്‍ വിളിച്ചിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് അത് നടന്നില്ലെന്നും വിനീത് പറഞ്ഞു.

‘ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞ് വെങ്കട് പ്രഭു സാര്‍ വിളിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വെങ്കട് സാര്‍ എന്നെ വിളിച്ചത്. ഞാന്‍ ആ സമയത്ത് കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കൊക്കെ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ ഷൂട്ടിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു.

ഞാന്‍ തമിഴിലെ എല്ലാ അഭിമുഖത്തിലും പറയാറുണ്ട്, തമിഴിലെ എന്റെ ഏറ്റവും ഫേവറിറ്റ് സംവിധായകന്‍ വെങ്കട് പ്രഭുവാണെന്ന്. ഇത്രയും നല്ല ഒരു അവസരം മിസ്സായതില്‍ നല്ല വിഷമമുണ്ട്. പക്ഷേ ചില സമയം നമുക്ക് ചിലതൊക്കെ വേണ്ടെന്ന് വെച്ചാല്‍ മാത്രമേ മുന്നോട്ടു പോകാന്‍ കഴിയൂ,’ വിനീത് പറഞ്ഞു.

മെരിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 11നാണ് തിയേറ്ററുകളിലെത്തുക.

Content Highlight: Vineeth Sreenivasan saying that he missed a chance to act in Vijay’s film