സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1970കളിലെ ചെന്നൈയുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സിനിമയില്‍ നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഹൃദയം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലീഫീ സ്റ്റോറീസിന് നല്‍കിയ അഭിമുഖത്തില്‍ ഹൃദയത്തിന് ശേഷമാണ് തനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്യാനുള്ള ധൈര്യം വന്നതെന്ന് വിനീത് പറഞ്ഞു.
ഹൃദയത്തിന് മുമ്പ് ചെയ്ത സിനിമകളില്‍ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഹൃദയം പോലെ ഒരുപാട് കഥാപാത്രങ്ങളുള്ള സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും വിനീത് പറഞ്ഞു.
‘കോളേജ് പഠനം കഴിഞ്ഞ സമയത്ത് തന്നെ മനസില്‍ ഉണ്ടായ കഥയാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റേത്. പക്ഷേ അന്ന് സിനിമയുടെ ടെക്‌നിക്കല്‍ സൈഡിനെക്കുറിച്ച് വലിയ പിടിയില്ലാത്തതുകൊണ്ട് മനസില്‍ കൊണ്ടുനടന്നു. അത് കഴിഞ്ഞ് ഡയറക്ഷന്‍ ചെയ്തു തുടങ്ങിയപ്പോള്‍ പോലും ഈ സിനിമ ചെയ്യാനുള്ള സാഹചര്യം വന്നില്ല. ഒരുപാട് കഥാപാത്രങ്ങള്‍ വന്നുപോകുന്ന സിനിമയായതുകൊണ്ട് എങ്ങനെ ചെയ്യണം എന്നൊരു ഐഡിയ ഇല്ലായിരുന്നു.
ഹൃദയത്തിന് മുമ്പ് ഞാന്‍ ചെയ്ത സിനിമകളൊക്കെ നോക്കിയാല്‍ അതില്‍ വളരെ കുറച്ച് കഥാപാത്രങ്ങളേ ഉള്ളൂ. ഹൃദയത്തിലാണ് ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങളുള്ളത്. അത് ചെയ്തു കഴിഞ്ഞപ്പോള്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്യാനുള്ള ധൈര്യം വന്നു. അങ്ങനെയാണ് ഇതിന്റെ കഥ എഴുതി തുടങ്ങിയത്.’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan saying that he got confidence for Varshangalkku Sesham after he completed Hridyam