| Sunday, 26th January 2025, 6:12 pm

തട്ടത്തിന്‍ മറയത്തിന് ശേഷം ആ നടനുമായി ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്, പക്ഷേ വിളിച്ചാല്‍ അവന്‍ ഫോണെടുക്കില്ല: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസന്‍. ഗായകനായി തന്റെ കരിയര്‍ തുടങ്ങിയ വിനീത് ശ്രീനിവാസന്‍, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ് മേക്കര്‍ സംവിധായകനും നടനും നിര്‍മാതാവുമെല്ലാമാണ്. ഏറ്റവും ഒടുവില്‍ വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രവും തിയേറ്ററില്‍ ശ്രദ്ധ നേടിയിരുന്നു.

താന്‍ ഏറ്റവുമധികം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന നടന്മാരില്‍ ഒരാള്‍ ആസിഫ് അലിയാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. തട്ടത്തിന്‍ മറയത്ത് എന്ന സിനിമ ചെയ്ത് കഴിഞ്ഞപ്പോള്‍ മുതല്‍ ആസിഫിനെ നായകനാക്കി താന്‍ ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ താന്‍ വിളിച്ചാല്‍ ആസിഫ് ഫോണെടുക്കാറില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

ആസിഫിനെ നായകനാക്കി ഏതെങ്കിലും സബ്ജക്ട് മനസില്‍ വരുമെന്നും എന്നാല്‍ അത് പറയാന്‍ വേണ്ടി വിളിക്കുമ്പോള്‍ ആസിഫ് ഫോണെടുത്താല്‍ മാത്രമേ ബാക്കി കാര്യങ്ങള്‍ നോക്കാന്‍ കഴിയുള്ളൂവെന്നും വിനീത് പറഞ്ഞു. ആസിഫിന്റെ പങ്കാളി സമ ആദ്യം ഫോണെടുക്കാറുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ അതും നിന്നെന്ന് വിനീത് കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ആസിഫിന്റെ ഫോണില്‍ നിന്ന് തനിക്ക് കോള്‍ വന്നെന്നും താന്‍ അത് കണ്ട് അത്ഭുതപ്പെട്ടെന്നും വിനീത് പറഞ്ഞു. ഇന്ത്യന്‍ സിനിമ ഗാലറിയോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.

‘ആസിഫിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. പക്ഷേ, ഒരൊറ്റ കുഴപ്പമേയുള്ളൂ. അവന്‍ ഫോണെടുക്കില്ല. തട്ടത്തിന്‍ മറയത്തിന് ശേഷം അവനെ വെച്ച് ഒന്നുരണ്ട് പ്രൊജക്ടുകള്‍ മനസില്‍ കണ്ടിരുന്നു. പക്ഷേ, അതൊന്നും അവനോട് പറയാന്‍ പറ്റിയിട്ടില്ല. വിളിക്കുമ്പോള്‍ ഫോണെടുത്താലലല്ലേ ഇതൊക്കെ പറയാന്‍ പറ്റൂ.

ഞാന്‍ ആദ്യം അവനോട് പറയേണ്ട കാര്യങ്ങള്‍ സംസാരിക്കാന്‍ സമയെ വിളിക്കുമായിരുന്നു. ഇപ്പോള്‍ ആസിഫിന്റെ സ്വഭാവം അവള്‍ക്കും കിട്ടിയെന്ന് തോന്നുന്നു. അവളും ഫോണെടുക്കാറില്ല. ഈയടുത്ത് ആസിഫ് എന്നെ വിളിച്ചിരുന്നു. ഫോണെടുത്തിട്ട് ഞാന്‍ ‘ഹലോ, മൊതലാളീ’ എന്ന് മാത്രമേ പറഞ്ഞുള്ളൂ. ബാക്കി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. മൊത്തം സ്റ്റക്കായിപ്പോയി,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

വിനീത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം എം. മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമല്‍, കയേദു ലോഹര്‍, സയനോര, ഇന്ദു തമ്പി, പൂജ മോഹന്‍രാജ് എന്നിവരാണ് നായികമാര്‍. ജനുവരി 30ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vineeth Sreenivasan saying he wish to do a film with Asif Ali after Thattathin Marayath movie

We use cookies to give you the best possible experience. Learn more