അടുത്ത ഇന്റര്‍വ്യൂയില്‍ ഇത് പറയില്ലെന്ന് സത്യം വാങ്ങിയിട്ടേ ധ്യാനിനോട് ഓരോ കാര്യങ്ങള്‍ ഇപ്പോള്‍ പറയാറുള്ളൂ: വിനീത് ശ്രീനിവാസന്‍
Entertainment
അടുത്ത ഇന്റര്‍വ്യൂയില്‍ ഇത് പറയില്ലെന്ന് സത്യം വാങ്ങിയിട്ടേ ധ്യാനിനോട് ഓരോ കാര്യങ്ങള്‍ ഇപ്പോള്‍ പറയാറുള്ളൂ: വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th March 2024, 2:14 pm

മലയാളസിനിമയിലെ പ്രിയ താരസഹോദരന്മാരാണ് വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. താന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രത്തിലൂടെ സ്വന്തം അനിയനെ വിനീത് സിനിമയില്‍ പരിചയപ്പെടുത്തി. സിനിമയെക്കാള്‍ തന്റെ ഇന്റര്‍വ്യൂകളിലൂടെയാണ് ധ്യാന്‍ കൂടുതല്‍ പ്രശസ്തനായത്. എന്തും ആരോടും വെട്ടിത്തുറന്ന് പറയുന്ന ധ്യാനിന്റെ ഇന്റര്‍വ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ അനിയന്റെ ഇന്റര്‍വ്യൂകളെപ്പറ്റി സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലീഫീ സ്‌റ്റോറിക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. പേടി കാരണം ഇപ്പോള്‍ ധ്യാനിനോട് ഒന്നും പറയാന്‍ പറ്റില്ലെന്നും, അവനോട് ഇതൊന്നും പറയില്ലെന്ന് സത്യം വാങ്ങിയിട്ടേ ഇപ്പോള്‍ പലതും പറയാറുള്ളൂ എന്നും വിനീത് പറഞ്ഞു.

‘പേടി കാരണം ഇപ്പോള്‍ അവനോടൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇപ്പോള്‍ നമ്മള്‍ പറയുന്ന കാര്യമൊക്കെ ഏതെങ്കിലും ഇന്റര്‍വ്യൂയില്‍ പറഞ്ഞാല്‍ തീര്‍ന്നു. ഈയിടക്ക് എനിക്ക് അവനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു. പക്ഷേ ഇവന്‍ അത് ഏതെങ്കിലും ചാനലില്‍ ചെന്ന് വിളിച്ചു പറയുമോ എന്ന് പേടിച്ചു. ഏറ്റവും ലാസ്റ്റ് ഞാന്‍ അവനോട് സത്യമൊക്കെ വാങ്ങി, ഇതൊന്നും ഒരു ഇന്റര്‍വ്യൂവിലും പറയരുതെന്ന് അവനോട് പറഞ്ഞതിന് ശേഷമാണ് സംസാരിച്ചത്,’ വിനീത് പറഞ്ഞു.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലും ധ്യാന്‍ ശ്രീനിവാസനുമാണ് നായകന്മാര്‍. 1970കളില്‍ ചെന്നൈയില്‍ സിനിമാമോഹവുമായി എത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ്, നിതാ പിള്ളൈ, അര്‍ജുന്‍ ലാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിവിന്‍ പോളിയും സിനിമയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഏപ്രില്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Vineeth Sreenivasan saying he scared sometimes about Dhyan’s interviews