ധ്യാന്‍ ശ്രീനിവാസനൊപ്പമുള്ള കുട്ടിക്കാല അനുഭവങ്ങള്‍ പറയുകയാണ് വിനീത് ശ്രീനിവാസന്‍. താനും ധ്യാനും ചെറുപ്പത്തില്‍ ഡാന്‍സും പാട്ടും പഠിക്കുമായിരുന്നുവെന്നും ധ്യാന്‍ പഠിക്കുന്ന സമയത്ത് തങ്ങളെ കളിക്കാന്‍ അനുവദിക്കാറില്ലെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു.
‘ഞാന്‍ ഭരതനാട്യമൊക്കെ പഠിച്ചിട്ടുണ്ട്. കഴുത്ത് രണ്ട് സൈഡിലേക്ക് ആട്ടാനായി പൂഴി തലയില്‍ വെച്ചുള്ള പരിപാടിയുണ്ട്. ഇപ്പോഴും എന്റെ കഴുത്ത് അങ്ങനെയാവില്ല. പൂഴി താഴെ വീണ് മറിഞ്ഞുപോവുമെന്നല്ലാണ്ട് കഴുത്തിന് ഒരു മൂവ്‌മെന്റുമുണ്ടാവില്ല. ടീച്ചര്‍ കുറച്ച് ദിവസം വീട്ടില്‍ വന്നു. പിന്നെ ടീച്ചറിന് തന്നെ മനസിലായിട്ടുണ്ടാവും ഇത് ഒരു നടക്ക് പോവില്ലെന്ന്.
ധ്യാനിന് പാട്ടുണ്ടായിരുന്നു. അവനെ പാട്ട് പഠിപ്പിക്കാന്‍ ഒരു മാഷ് വരും. ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചോണ്ടിരിക്കുന്ന സമയത്തായിരിക്കും മാഷ് വരിക. അപ്പോള്‍ ധ്യാനും ഞങ്ങള്‍ക്കൊപ്പം കളിക്കുകയായിരിക്കും. മാഷ് വരുമ്പോള്‍ ഇവന് സ്വാഭാവികമായും സങ്കടം വരുമല്ലോ, ഞങ്ങള്‍ താഴെ നിന്ന് കളിക്കുവാണല്ലോ.
എന്നിട്ട് ഇവന്‍ പഠിച്ചോണ്ടിരിക്കുന്നതിനിടക്ക് അമ്മയോട് പറയും കോണ്‍സെന്‍ട്രേഷന്‍ കിട്ടുന്നില്ല, അവരോട് കളിക്കല്ലേയെന്ന് പറയാന്‍. അമ്മ വളരെ സീരിയസായി വന്ന് നമ്മളോട് നിങ്ങള്‍ ഇവിടെ ഇരുന്ന് കളിക്കണ്ട, ധ്യാനിന് പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറയും. അങ്ങനെ നിങ്ങള്‍ മാത്രം സുഖിക്കണ്ടെന്ന്. അമ്മാതിരി സാധനമാണവന്‍,’ വിനീത് പറഞ്ഞു.
മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന വിനീത് നായകനാവുന്ന ചിത്രം. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 11നാണ് റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന.