നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞ ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ തട്ടത്തിന്‍ മറയത്ത്. മുസ്‌ലിം യുവതിയോട് ഹിന്ദു യുവാവിന് തോന്നിയ പ്രണയമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.
വിനോദായി നിവിന്‍ പോളിയും ആയിഷ ആയി ഇഷ തല്‍വാറും തകര്‍ത്തഭിനയിച്ച ചിത്രം 2012 ജൂലൈ ആറിനാണ് റിലീസ് ചെയ്തത്.
അജു വര്‍ഗീസ്, ശ്രീനിവാസന്‍, മനോജ് കെ. ജയന്‍, അപര്‍ണ നായര്‍, ഭഗത് മാനുവല്‍, ശ്രിന്ദ, തുടങ്ങി വലിയ താരനിരയായിരുന്നു ചിത്രത്തിലെത്തിയത്.
ആദ്യം ചിത്രത്തിന് മറ്റൊരു പേരായിരുന്നു നല്‍കിയിരുന്നത് എന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നാണ് ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത് എന്നും എന്നാല്‍ ബഷീറിന്റെ നോവലിന്റെ അഡാപ്‌റ്റേഷനാണ് എന്ന് ആളുകള്‍ തെറ്റിദ്ധരിക്കേണ്ട എന്ന് വിചാരിച്ചാണ് പേര് മാറ്റിയതെന്നും വിനീത് പറഞ്ഞു.
അതേസമയം ഹൃദയത്തിന് മറ്റൊരു പേര് ചിന്തിച്ചിട്ടില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
‘ഹൃദയത്തിന് പകരം മറ്റൊരു പേര് എന്റെ മനസില്‍ വന്നിട്ടില്ല. ഇങ്ങനെയല്ലാതെ ഹൃദയം ആലോചിക്കാന്‍ പറ്റിയിട്ടില്ല. തട്ടത്തിന്‍ മറയത്തിനൊക്കെ ഓപ്ഷന്‍സ് ഉണ്ടായിരുന്നു.
ആദ്യം ഇടാന്‍ ആഗ്രഹമുണ്ടായിരുന്ന പേര് അനുരാഗത്തിന്റെ ദിനങ്ങള്‍ എന്നായിരുന്നു. പക്ഷേ ബഷീര്‍ സാറിന്റെ നോവല്‍ തന്നെ അങ്ങനെയുള്ളത് കൊണ്ട് ആള്‍ക്കാര്‍ക്ക് നോവലിന്റെ അഡാപ്‌റ്റേഷന്‍ ആണോയെന്ന് തോന്നുമല്ലോ. അങ്ങനെയൊരു കണ്‍ഫ്യൂഷന്‍ വേണ്ടയെന്ന് തോന്നി അങ്ങനെയാണ് തട്ടത്തിന്‍ മറയത്ത് എന്ന് പേര് ഇടുന്നത്,’ വിനീത് പറഞ്ഞു.
അതേസമയം വിനീതിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രമായ ഹൃദയം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മാത്രവുമല്ല ഹൃദയം സിനിമയുടെ റിമേക്ക് അവകാശം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും സ്വന്തമാക്കിയെന്ന വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ഹൃദയം റിലീസ് ചെയ്യുക. വിനീത് ശ്രീനിവാസന്‍ തന്നെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ച ഹൃദയം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മിച്ചത്.
Content Highlight: Vineeth sreenivasan said that thattathin marayathu was first titled as anuragathinte dinanagal