മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ റോഷാക്കിനെ പ്രശംസിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. റോഷാക്ക് ക്ലാസ് സിനിമയാണെന്ന് വിനീത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരേയും സംവിധായകന്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
‘റോഷാക്ക് പൂര്‍ണമായും ക്ലാസ് ചിത്രമാണ്. അഭിനേതാക്കളെ ഓരോരുത്തരേയും സിനിമയില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചിട്ടുണ്ട്. ലൂക്ക്, ദിലീപ്, ദീലീപിന്റെ അമ്മ, ശശാങ്കന്‍, അനില്‍, ദിലീപിന്റെ ഭാര്യ, പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ ആരും മനസില്‍ നിന്ന് പോകുന്നില്ല. നിസാം ബഷീറിനും ടീമിനും അഭിനന്ദനങ്ങള്‍’, വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.
റോഷാക്കില്‍ ലൂക്ക് ആന്റണി എന്ന കേന്ദ്ര കഥാപാത്രത്തെ വാക്കിലും നോക്കിലും ചെറിയ ചിരിയിലും ഭാവങ്ങളിലുമെല്ലാം മമ്മൂട്ടി വ്യത്യസ്തനാക്കുന്നുണ്ട്. സുജാതയായുള്ള ഗ്രേസ് ആന്റണിയുടെ പെര്‍ഫോമന്‍സും മികച്ചതായിരുന്നു.
ജഗദീഷിന്റെ പൊലീസ് വേഷവും കോട്ടയം നസീറിന്റെ ശശാങ്കനും ഷറഫുദ്ദീന്റെ സതീശനും കഥാപാത്രങ്ങളിലും പെര്‍ഫോമന്‍സിലും മികച്ച് നില്‍ക്കുന്നുണ്ട്.
അതേസമയം, റോഷാക്ക് മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വീണ്ടും മമ്മൂട്ടിയെ പല ഭാവത്തിലും രൂപത്തിലും പുതിയൊരു കഥാപാത്രത്തില്‍ കാണാനായതിന്റെ സന്തോഷം പ്രേക്ഷകരും നിരൂപകരും ഒരുപോലെ പങ്കുവെക്കുന്നുണ്ട്.
ഇന്ത്യയ്ക്കൊപ്പം യു.എ.ഇ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ ഇക്കഴിഞ്ഞ ഏഴിന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍, റോഷാക്ക് ഈ ആഴ്ച കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യും. യു.കെ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ചിത്രം ഈ വാരം എത്തുക. ഒപ്പം സൗദി അറേബ്യയിലും എത്തിയേക്കും. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും 13നും യു.കെയില്‍ 14നുമാണ് ചിത്രം എത്തുക.
അതേസമയം, വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’എന്നാണ് ചിത്രത്തിന്റെ പേര്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്നും വ്യക്തമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് വിനീത് ശ്രീനിവാസന്‍ അറിയിച്ചു.
ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന ചിത്രം. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് നായികമാരായി എത്തിയത്.