| Sunday, 23rd October 2022, 9:16 am

'ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ വെച്ച് സിനിമയെടുത്തു, ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു; കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസനെ നായകനാക്കി അണിയറയിലൊരുങ്ങുന്ന ചിത്രമാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’. വളരെ വ്യത്യസ്തമായ പ്രൊമോഷന്‍ പരിപാടികളാണ് ചിത്രത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അഡ്വ. മുകുന്ദന്‍ ഉണ്ണി, കോര്‍പറേറ്റ് ലോയര്‍, എന്ന പേരില്‍ ഫേസ്ബുക്ക് പേജ് നിര്‍മിച്ച് അതിലൂടെയാണ് ചിത്രത്തിന്റെ വെറൈറ്റി പ്രൊമോഷന്‍ നടത്തുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ പോകുകയാണ് എന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

”ഭൂലോക നാറികളായ ഒരുപറ്റം കലാകാരന്മാര്‍ എന്നെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമയെടുത്തിരിക്കുന്നു. അതും എന്റെ കോട്ടയായ കല്‍പ്പറ്റയില്‍.

ജോലിത്തിരക്കിനിടയില്‍ എനിക്കിത് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോളവര്‍ അതിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ പോകുന്നു എന്ന് കേള്‍ക്കുന്നു. റിലീസ് ആവട്ടെ, കാണിച്ചുകൊടുക്കാം ഞാനാരാണെന്ന്… ഞാനെന്താണെന്ന്,” എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒക്ടോബര്‍ 23ന് രാത്രി ഏഴ് മണിക്കാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്.


കഴിഞ്ഞ ദിവസം ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം. My first cycle and my dead father’ എന്ന ക്യാപ്ഷനോടെ അഡ്വ. മുകുന്ദന്‍ ഉണ്ണിയുടെ കഥാപാത്രം ചെറുപ്പത്തില്‍ അച്ഛനോടൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോകളും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.


‘കുഞ്ഞുപെങ്ങളുടെ കല്യാണം. ഓര്‍മകള്‍. വലതുവശത്തുനില്‍ക്കുന്നത് എന്റെയമ്മ. ഇന്നവശേഷിക്കുന്നതും അമ്മ മാത്രം,’ എന്ന ക്യാപ്ഷനോടെ കഥാപാത്രത്തിന്റെ കുടുംബചിത്രവും അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.


ലാല്‍ ജോസ് ചിത്രം മീശമാധവനില്‍ സലിം കുമാര്‍ അവതരിപ്പിച്ച് മലയാള സിനിമയിലെ കോമഡി കള്‍ട്ടായി മാറിയ കഥാപാത്രമായിരുന്നു അഡ്വ. മുകുന്ദന്‍ ഉണ്ണി. ഇതേ പേരില്‍ കേന്ദ്ര കഥാപാത്രമുള്ള ഒരു സിനിമ വരുന്നത് വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.

നവാഗതനായ അഭിനവ് സുന്ദര്‍ നായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Content Highlight: Vineeth Sreenivasan’s new movie Mukundan Unni Associates trailer is about to release 

We use cookies to give you the best possible experience. Learn more