| Friday, 11th November 2022, 1:19 pm

ഒരേ കാര്യം ആറ് മാസം കഴിഞ്ഞ് പറയാന്‍ പറ, പുട്ടിന്റെ പീരയൊക്കെ മാറിയിട്ടുണ്ടാകും; ധ്യാനിനെ കുറിച്ച് വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ശ്രീനിവാസന്റെ മക്കള്‍ എന്നതിനപ്പുറം ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തങ്ങളുടേതായ ഇടം നേടിയെടുത്ത താരങ്ങളാണ് ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്ന നിലകളില്‍ ധ്യാന്‍ തിളങ്ങുമ്പോള്‍, അഭിനയം, സംവിധാനം, ആലാപനം, തിരക്കഥാ രചന, ക്രിയേറ്റീവ് ഡയറക്ഷന്‍ എന്നിങ്ങനെ വിനീത് കൈവെക്കാത്ത മേഖലകള്‍ ചുരുക്കമാണ്.

സഹോദരന്‍ ധ്യാന്‍ ശ്രീനിവാസനെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണിപ്പോള്‍ വിനീത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധ്യാനിന് കഥകള്‍ പറയാനും ഉണ്ടാക്കാനും വളരെ ഇഷ്ടമാണെന്നും എന്നാല്‍ അതില്‍ കുറച്ച് മാത്രമേ സത്യമുണ്ടാകൂ എന്നുമാണ് വിനീത് പറയുന്നത്.

”ധ്യാനിന് കഥ പറയാന്‍ വളരെ ഇഷ്ടമാണ്. കഥയുണ്ടാക്കാനും ഇഷ്ടമാണ്. ഒരു കാര്യം അവന്‍ പറയുകയാണെങ്കില്‍ അതില്‍ കുറച്ച് സത്യമുണ്ടാകും.

പക്ഷെ അത് മൊത്തം സത്യമാണെന്ന രീതിയില്‍ ആളുകളെ കണ്‍വിന്‍സ് ചെയ്ത് കളയും അവന്‍. എക്‌സ്ട്രാ കുറച്ചൊന്നുമല്ല.

ഒരേ കഥ ആറ് മാസം കഴിഞ്ഞ് അവനോട് വീണ്ടും പറയാന്‍ പറ, അതിന്റെ ഡീറ്റെയ്ല്‍സ് ഒക്കെ മാറിയിട്ടുണ്ടാകും.

ഇനി കാണുമ്പോള്‍ ചോദിച്ചു നോക്കൂ. പക്ഷെ ഒരു ആറ് മാസം കഴിയണം. കാരണം ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യങ്ങള്‍ അവന്റെ മൈന്‍ഡില്‍ നിന്ന് തന്നെ പോകണം.

ഒരു ആറ് മാസമൊക്കെ കഴിഞ്ഞ് ചോദിക്കുമ്പോള്‍ ആ കഥയില്‍ ചെറിയ… പുട്ടിന് പീരയൊക്കെ മാറിയിട്ടുണ്ടാകും,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അതേസമയം വിനീത് ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം മുകുന്ദനുണ്ണി അസോസിയേറ്റ്സ് നവംബര്‍ 11ന് തിയേറ്ററുകളിലെത്തുകയാണ്. വിനീതിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള അഭിനവ് സുന്ദര്‍ നായകിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം കൂടിയാണിത്.

തന്‍വി റാം നായികയായെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, സുധി കോപ്പ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

അരുണ്‍ ചന്തു സംവിധാനം ചെയ്ത സായാഹ്ന വാര്‍ത്തകള്‍ ആണ് ധ്യാന്‍ ശ്രീനിവാസന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം.

സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് ധ്യാനിന്റെ റിലീസിനൊരുങ്ങി നില്‍ക്കുന്ന ചിത്രം.

Content Highlight: Vineeth Sreenivasan’s funny talk about Dhyan

We use cookies to give you the best possible experience. Learn more