അജുവിന് വിനീതിന്റെ പിറന്നാള്‍ സമ്മാനം
Entertainment
അജുവിന് വിനീതിന്റെ പിറന്നാള്‍ സമ്മാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th January 2024, 12:11 pm

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയലൂടെ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മികച്ച ഹാസ്യതാരങ്ങളില്‍ ഒരാളായ നടനാണ് അജു വര്‍ഗീസ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി താരം വേറെ ട്രാക്കിലാണ്. ഹെലന്‍ എന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രമായി വന്ന അജു അതിനു ശേഷം കേരളാ ക്രൈം ഫയല്‍സ് എന്ന വെബ് സിരീസില്‍ കേന്ദ്ര കഥാപാത്രമായും വന്നിരുന്നു.

ഹൃദയം എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അജുവിന്റെ അടുത്ത ചിത്രം. സിനിമയില്‍ അജുവിന്റെ ഫസ്റ്റ് ലുക്ക് പിറന്നാള്‍ ദിനത്തില്‍ പുറത്തു വന്നു. വിനീത് ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്. വ്യത്യസ്തമായ ലുക്കിലാണ് അജു പോസ്റ്ററില്‍.

പ്രണവ് മോഹന്‍ലാലും, ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ 1980കളില്‍ ചെന്നൈയിലെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരുടെ ചെന്നൈ ജീവിതമാണ് സിനിമയുടെ കഥയെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വിനീത് ശ്രീനിവാസന്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ചിത്രത്തില്‍ നിവിന്‍ പോളിയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നീരജ് മാധവ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യനാണ് ചിത്രത്തിന്റെ നിര്‍മാണം. അമൃത് ആണ് സിനിമയുടെ സംഗീതസംവിധാനം. 2024 ഏപ്രിലില്‍ വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Vineeth Sreenivasan Reveals first look poster of Aju vargheese in Varshangalkku Sesham