കരണ്‍ ജോഹര്‍ നമ്മുടെ സിനിമ കണ്ട് റീമേക്കിന് ചോദിച്ചാലോയെന്ന് വിശാഖ് പറഞ്ഞപ്പോള്‍ 'പോയി കിടന്നുറങ്ങടാ' എന്നായിരുന്നു എന്റെ മറുപടി; അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
Movie Day
കരണ്‍ ജോഹര്‍ നമ്മുടെ സിനിമ കണ്ട് റീമേക്കിന് ചോദിച്ചാലോയെന്ന് വിശാഖ് പറഞ്ഞപ്പോള്‍ 'പോയി കിടന്നുറങ്ങടാ' എന്നായിരുന്നു എന്റെ മറുപടി; അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 25th March 2022, 2:13 pm

ഹൃദയം സിനിമയുടെ റിമേക്ക് അവകാശം കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. സിനിമയുടെ റിലീസിന് മുമ്പ് നിര്‍മാതാവ് വിശാഖ് സുബ്രമണ്യവുമായി തടത്തിയ ഫണ്‍ ടോക്ക് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നാണ് വിനീത് ഫേസ്ബുക്കില്‍ എഴുതിയത്.

‘കഴിഞ്ഞ വര്‍ഷം, ഹൃദയത്തിന്റെ റിലീസിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍, വിശാഖ്
ഒരു രാത്രി എന്നോട് ചോദിച്ചു, ‘വിനീത്, നമ്മുടെ സിനിമ റിലീസ് ചെയ്തതിന് ശേഷം കരണ്‍ ജോഹര്‍ അത് കണ്ട് ഹിന്ദിയിലേക്ക് റീമേക്ക് അവകാശം നമ്മളോട് ചോദിക്കുമെന്ന് നീ കരുതുന്നുണ്ടോ?

അപ്പോള്‍ ഞാന്‍ വിശാഖിനോട് പറഞ്ഞു, ‘പോയി കിടന്നുറങ്ങടാ’. എന്നാല്‍ ഇപ്പോള്‍, ഇത് യഥാര്‍ത്ഥമായിരിക്കുകയാണ്. അന്ന് പറഞ്ഞത് സംഭവിച്ചിരിക്കുകയാണ്. ദൈവത്തിന് നന്ദി! ഹൃദയത്തിന്റെ മുഴുവന്‍ ടീമിനും നന്ദി!,’ വിനീത് ഫേസ്ബുക്കില്‍ എഴുതി.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായിരിക്കും ഹൃദയം റിലീസ് ചെയ്യുക. പ്രണവ് മോഹന്‍ലാലാണ് ഇതുസംബന്ധിച്ച് വിവരം പങ്കുവെച്ചത്.

ധര്‍മ പ്രൊഡക്ഷന്‍സിന്റെയും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന് നന്ദി അറിയിച്ചാണ് പോസ്റ്റ്. പിന്നാലെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകളുമായി മോഹന്‍ലാലും രംഗത്തെത്തിയിരുന്നു.

‘ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും സ്വന്തമാക്കി. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍,’ എന്നാണ് മോഹന്‍ ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നീണ്ട ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം വലിയ ജനപ്രീതിയാണ് നേടിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.

വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.