| Wednesday, 26th July 2023, 11:42 am

പ്രണവിന്റെ പ്ലാനുകൾ ജഡ്ജ് ചെയ്യാൻ പറ്റില്ല; കഥ ഇഷ്ടപ്പെട്ടാലും സിനിമ ചെയ്യണമെന്നില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വർഷങ്ങൾക്ക്‌ ശേഷം’ എന്ന ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ പ്രണവ് മോഹൻലാൽ സമ്മതിച്ചെന്ന് വിനീത് ശ്രീനിവാസൻ. പ്രണവിന് ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടാലും സിനിമ ചെയ്യണമെന്നില്ലെന്നും എന്നാൽ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ താൻ എപ്പോൾ മുതലാണ് ചിത്രത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്ന് പ്രണവ് ചോദിച്ചെന്നും വിനീത് പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.

പ്രണവ് മോഹൻലാൽ ചിത്രത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘അപ്പുവിനെ (പ്രണവ് മോഹൻലാൽ) കിട്ടാൻ അൽപം പാടാണ്. പോയി പറയുന്ന സമയത്ത് അവൻ സമ്മതിക്കുമോ എന്നുള്ള ഒരു സംശയം എനിക്കുണ്ടായിരുന്നു. കാരണം അവന് കഥ ഇഷ്ടപ്പെട്ടുവെങ്കിൽ പോലും സിനിമ ചെയ്യണമെന്നില്ല.

ഫാസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ തന്നെ എന്നോട് പുള്ളി ഇങ്ങോട്ട് ചോദിച്ചു ഞാൻ എപ്പോൾ മുതലാണ് ഇതിനുള്ള തയ്യാറെടുപ്പുകൾ എടുക്കേണ്ടതെന്ന്. ഓക്കേ, അപ്പോൾ ഇവൻ ചെയ്യാമെന്ന് സമ്മതിച്ചെന്ന് അപ്പോൾ എനിക്ക് മനസിലായി,’ വിനീത് പറഞ്ഞു.

അഭിമുഖത്തിൽ വിനീത് ധ്യാൻ ശ്രീനിവാസനെപ്പറ്റിയും സംസാരിച്ചു. ധ്യാനിനോട് ഇതുവരെ ചിത്രത്തിൻറെ കഥ പറഞ്ഞില്ലെന്നും തന്റെ സ്ക്രിപ്റ്റ് ചിലപ്പോൾ പുറത്തുപോയാലോ എന്ന് പേടിച്ചിട്ടാണ് പറയാത്തതെന്നും വിനീത് തമാശയുടെ പറഞ്ഞു.

‘ധ്യാനിനോട് ഇതുവരെ ഞാൻ സിനിമയുടെ സ്ക്രിപ്റ്റ് ഒന്നും പറഞ്ഞിട്ടില്ല. കാരണം എന്റെ സ്ക്രിപ്റ്റ് പുറത്ത് പോകുമല്ലോ (ചിരിക്കുന്നു). അവനോട് ഞാൻ പറഞ്ഞിരിക്കുന്നത് ഓഗസ്റ്റിൽ കഥ പറയാമെന്നാണ്. അവന് അറിയാവുന്നതൊക്കെ മീഡിയയിലുള്ളവർക്കും അറിയാം. അവൻ വളരെ സന്തോഷത്തിലാണ്. ഞാൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രഹസ്യമാക്കി വെച്ചിരിക്കുകയാണ്,’വിനീത് ശ്രീനിവാസൻ പറഞ്ഞു.

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ്.

കല്യാണി പ്രിയദര്‍ശനാണ് വർഷങ്ങൾക്കു  ശേഷത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും, നിവിൻ പോളിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നടത്തിയത്.

വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.

Content Highlights: Vineeth Sreenivasan on Pranav Mohanlal

Latest Stories

We use cookies to give you the best possible experience. Learn more