ഹൃദയം എന്ന ചിത്രം തിയേറ്ററിൽ വർക്കാവില്ലെന്ന് തെലുങ്ക് സിനിമ മേഖലയിലെ ഒരു പ്രൊഡ്യൂസർ പറഞ്ഞെന്ന് വിനീത് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ വാക്കുകൾ ടെൻഷൻ ഉണ്ടാക്കിയെന്നും നേരത്തെ കട്ട് ചെയ്യാനിരുന്ന ചിത്രത്തിലെ ഒരു ഭാഗം കട്ട് ചെയ്യണമെന്ന് ഉറപ്പിച്ചെന്നും വിനീത് പറഞ്ഞു. എന്നാൽ വീണ്ടും ആലോചിച്ചതിനു ശേഷം രംഗങ്ങൾ ഒന്നുംതന്നെ കട്ടുചെയ്യേണ്ടെന്നുള്ള തീരുമാനത്തിൽ പിന്നീട് എത്തിച്ചേരുകയായിരുന്നെന്നും വിനീത് കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയാണ് പ്രേക്ഷകരുടെ ഇഷ്ടം മനസിലാക്കുന്നതെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത്.
‘ഓരോ ചിത്രങ്ങളും പേടിച്ചിട്ടാണ് റിലീസ് ചെയ്യുന്നത്. ഓരോ തവണയും നെഞ്ചിടിപ്പാണ്. ഹൃദയം റിലീസാകുന്നതിന് മുൻപ് അതിലെ പാട്ടുകൾ ഒക്കെ കേട്ടിട്ട് ഒരു തെലുങ്ക് പടത്തിന്റെ പ്രൊഡ്യൂസർ പടത്തിന്റെ റൈറ്റ്സ് വാങ്ങിക്കാൻ വന്നിരുന്നു. അയാളെ ഞാൻ എന്റെ വീട്ടിൽ വെച്ച് സിനിമ കാണിച്ചുകൊടുത്തു.
പടം കണ്ടിട്ട് പുള്ളി പറഞ്ഞു സിനിമയിൽ ധാരാളം ഇമോഷണൽ മൊമന്റ്‌സ് ഉണ്ട്. പക്ഷെ അത് തിയേറ്ററിൽ വർക്കാവുമെന്ന് തോന്നുന്നില്ലെന്ന് പുള്ളി പറഞ്ഞു. ‘പടച്ചോനെ പടം രണ്ടുമണിക്കൂറും 53 മിനിറ്റും ഉണ്ട്, എന്ത് ചെയ്യും എന്ന് ഞാൻ വിചാരിച്ചു.
ഞാൻ അപ്പോൾ തന്നെ എഡിറ്റർ രഞ്ജൻ ചേട്ടനെ വിളിച്ചു. എന്നിട്ട് എന്തെങ്കിലും കട്ട് ചെയ്യാനുണ്ടോ എന്ന് ചോദിച്ചു. ഒരു സീൻ ഏറെക്കുറെ കട്ട് ചെയ്തേക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചതാണ്. ചേട്ടൻ എല്ലാവരെയും വിളിച്ചു ചോദിച്ച് കട്ട് ചെയ്തേക്കാമെന്ന് തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം കട്ട് ചെയ്യുന്ന തീരുമാനം എടുക്കാമെന്ന് ഞങ്ങൾ പറഞ്ഞുറപ്പിച്ചു. പടം റിലീസ് ചെയ്യാൻ നാലഞ്ചുദിവസം മാത്രമാണുള്ളത്.
അന്ന് രാത്രി ഞാൻ വീണ്ടും രഞ്ജൻ ചേട്ടനെ വിളിച്ചു, ചേട്ടാ അത് കട്ട് ചെയ്യണോ എന്ന് ചോദിച്ചു. അപ്പോൾ പുള്ളി പറഞ്ഞു ഞാനും അത് തന്നെയാണ് ആലോചിക്കുന്നത്. ഇത്രയും നാൾ അത് കട്ട് ചെയ്യാൻ നമുക്ക് തോന്നിയില്ലല്ലോ ഇത് ചിലപ്പോൾ നമ്മൾ പേടിക്കുന്നതാകുമെന്ന് പുള്ളി പറഞ്ഞു. രാത്രി എന്തായാലും തീരുമാനം എടുക്കണ്ട രാവിലെ ആകട്ടേയെന്ന് പറഞ്ഞ് ഫോൺ വെച്ചു. രാത്രിയിൽ ഞാൻ തീരുമാനങ്ങൾ എടുക്കാറില്ല. രാവിലെ ഞങ്ങൾ തീരുമാനിച്ചു കട്ട് ചെയ്യേണ്ടെന്ന്,’ വിനീത് പറഞ്ഞു.
അതേസമയം, വർണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രം. ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Content Highlights: Vineeth Sreenivasan on Hridayam movie