പ്രേക്ഷകർ കാണുന്നത് പോലെ തന്നെയാണ് ധ്യാൻ ശ്രീനിവാസൻ തന്റെ മുന്നിലും പെരുമാറുന്നതെന്ന് വിനീത് ശ്രീനിവാസൻ. താൻ വർഷങ്ങളായി കാണുന്ന ധ്യാൻ ശ്രീനിവാസനെയാണ് പ്രേക്ഷകർ ഇപ്പോൾ കാണുന്നതെന്നും തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി ധ്യാൻ ഡയറ്റ് ഫോളോ ചെയ്യുന്നുണ്ടെന്നും വിനീത് പറഞ്ഞു.
പ്രേക്ഷകർ കാണുന്ന ധ്യാൻ ശ്രീനിവാസനെയാണോ വിനീതും കാണുന്നത് എന്നുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘നിങ്ങളുടെയൊക്കെ മുന്നിൽ കാണുന്ന ധ്യാൻ തന്നെയാണ് എന്റെ മുന്നിലും ഉള്ളത്. ഞാൻ വർഷങ്ങളായി ഡീൽ ചെയ്യുന്ന ധ്യാൻ ശ്രീനിവാസനെയാണ് നിങ്ങളിപ്പോൾ ഡീൽ ചെയ്യുന്നത് (ചിരിക്കുന്നു),’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
തന്റെ അടുത്ത ചിത്രമായ ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനായി ധ്യാൻ ഡയറ്റിലാണെന്നും പട്ടിണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘അവൻ ചോറ് കഴിക്കുന്നില്ല, അല്പം ഡയറ്റ് ഫോളോ ചെയ്യുന്നുണ്ടെന്ന് കേട്ടു. പട്ടിണി കിടക്കുന്നു എന്ന് പറയുന്നതൊക്കെ വെറുതെയാണ്. അവൻ എന്തായാലും പട്ടിണി കിടക്കില്ല,’ വിനീത് ശ്രീനിവാസൻ പറഞ്ഞു.
ഹൃദയത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വർഷങ്ങൾക്ക് ശേഷം. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രണവ് മോഹൻലാൽ ആണ് ചിത്രത്തിലെ നായകനായെത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്നത് മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യനാണ്.
നിവിന്‍ പോളിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് വർഷങ്ങൾക്കു ശേഷത്തില്‍ പ്രണവിന്റെ നായികയായി എത്തുന്നത്. മുമ്പ് ഇരുവരും ഹൃദയത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.
മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും ചെന്നൈയിലെ മുന്‍കാല ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട കഥയാണ് ചിത്രത്തിന്റേതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ബേസില്‍ ജോസഫ്, നീരജ് മാധവ്, അജു വര്‍ഗീസ്, നീത പിള്ള, അര്‍ജുന്‍ ലാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി നടത്തിയത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവർ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കും.
Content Highlights: Vineeth Sreenivasan on Dhyan Sreenivasan