| Monday, 21st February 2022, 1:11 pm

വിനീത് അതിബുദ്ധിമാനായ സംവിധായകന്‍: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്ത കാലത്ത് ഇറങ്ങിയതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ‘ഹൃദയം’ എന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വിനീതിന്റെ പടങ്ങള്‍ ഇഷ്ടമാണെന്നും അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ഹൃദയം. വിനീതിനെ ഭയങ്കര ഇഷ്ടമാണ്. അതിബുദ്ധിമാനായ സംവിധായകനാണ് അദ്ദേഹം. ആളുകളോട് കൃത്യമായി കണക്ട് ചെയ്യാനറിയാം. ഞാനെന്തോ ഭയങ്കര സംഭവം ആണെന്ന് പറഞ്ഞ് സിനിമ ചെയ്യാറില്ല. വളരെ സത്യസന്ധനാണ്.

നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ ഒരു പൈങ്കിളി ഉണ്ട്. നമ്മള്‍ ബലം പിടിച്ച് അത് കളയുന്നതാണ്. അത് പുറത്തേക്ക് കൊണ്ടുവരാന്‍ വിനീതിന് ഒരു പ്രത്യേക കഴിവുണ്ട്. കുറച്ച് കൂടി പക്വത ആകാമായിരുന്നു എന്ന് പറയാമെങ്കിലും നമുക്ക് ഭയങ്കര ഇഷ്ടമാണ് ഈ സംഗതി. വിനീതിന്റെ പടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്,’ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അടുത്ത കാലത്ത് കണ്ടതില്‍ ഇഷ്ടപ്പെട്ട മറ്റൊരു ചിത്രം ‘തിങ്കളാഴ്ച നിശ്ചയ’മാണെന്നും ലൈഫുള്ള ഒരു സിനിമ ആണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം ഫെബ്രുവരി 18ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടിയിലുമെത്തിയിരുന്നു. ഒ.ടി.ടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

അതേസമയം മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘ആറാട്ടി’നെതിരെ മനപ്പൂര്‍വം ഡീഗ്രേഡിംഗ് നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.

ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ഈ സിനിമയ്ക്ക് മാത്രമല്ല എല്ലാ സിനിമകള്‍ക്കെതിരെയും നടക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.


Content Highlight: vineeth sreenivasan is a very intelligent director said b unnikrishnan

We use cookies to give you the best possible experience. Learn more