| Wednesday, 19th January 2022, 6:18 pm

എനിക്കൊരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോഴേ അച്ഛന് ആളെ മനസിലായി: പ്രണയം തുറന്നു പറഞ്ഞതിനെ പറ്റി വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രമായ ഹൃദയത്തിലെ ഉണക്കമുന്തിരി എന്ന പാട്ട് പുറത്ത് വന്നതോടെ ദിവ്യ എന്ന ഗായിക ഒരിക്കല്‍ കൂടി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയിരിക്കുകയാണ്. ഇതിന് മുന്‍പ് വിനീതിന്റെ സംഗീത ആല്‍ബമായിരുന്ന ഉയര്‍ന്ന് പറന്ന് എന്ന ആല്‍ബത്തിലും ജൂഡ് ആന്റണിയുടെ സാറാസിലും ദിവ്യ പാടിയിട്ടുണ്ട് എങ്കിലും ഉണക്കമുന്തിരിക്ക് പ്രത്യേക ഇമ്പം തന്നെയുണ്ട്.

2012 ലായിരുന്നു വിനീതിന്റേയും ദിവ്യയുടെയും വിവാഹം. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിലെ പഠനകാലത്ത് തുടങ്ങിയ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

അച്ഛനോട് തന്റെ പ്രണയം പങ്കുവെച്ചതിന്റെ അനുഭവം തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസന്‍. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് അച്ഛനോട് പ്രണയം പറഞ്ഞതിനെ പറ്റി പറഞ്ഞത്.

‘അച്ഛനെ ഫോണ്‍ വിളിച്ചാണ് പ്രണയത്തെ പറ്റി പറയുന്നത്. മൂന്നാല് ദിവസത്തെ റിഹേഴ്‌സലിന് ശേഷമാണ് പറയാന്‍ തീരുമാനിച്ചത്. നേരിട്ട് പറയേണ്ടത് എങ്ങനെയെന്ന് അറിയാത്തത് കൊണ്ടാണ് ഫോണ്‍ വിളിച്ചത്. അച്ഛാ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണ് എന്ന് പറഞ്ഞു.

രണ്ട് വര്‍ഷം മുമ്പേ വീട്ടില്‍ വന്ന പെണ്‍കുട്ടിയല്ലേ എന്ന് കറക്ടായിട്ട് ചോദിച്ചു. അച്ഛനെങ്ങനെ മനസിലായി എന്ന് ചോദിച്ചു. പ്രണയത്തില്‍ പെട്ട ആണിനെ കണ്ടാലറിയാം എന്നായിരുന്നു അച്ഛന്റെ മറുപടി. ശരി നമുക്ക് പിന്നെ സംസാരിക്കാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു,’ വിനീത് ചിരിച്ചുകൊണ്ടു പറഞ്ഞു.

അപ്രതീക്ഷിതമായിട്ടായിരുന്നു ദിവ്യ ഹൃദയത്തിലെ പാട്ട് പാടിയത്. സംഗീത സംവിധായകന്‍ ഹിഷാം ഉണക്കമുന്തിരി കമ്പോസ് ചെയ്ത ശേഷം വിനീതിനോട് ദിവ്യയുടെ ശബ്ദം ഒന്ന് നോക്കിയാലോ എന്ന് ചോദിക്കുകയായിരുന്നു.

ആദ്യം മടിച്ചെങ്കിലും ദിവ്യ പിന്നീട് പാടാന്‍ തയാറായി. ഈ ഗാനം ഹൃദയത്തിലെ ഏറ്റവും ജനപ്രിയമായ പാട്ടുകളിലൊന്നായി മാറിയിരിക്കുകയാണ്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ഹൃദയത്തില്‍ 15 ഗാനങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വര്‍ഷങ്ങള്‍ക്ക് ശേഷം കാസറ്റിലും ഒരു മലയാളസിനിമയുടെ ഗാനങ്ങള്‍ റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. അജു വര്‍ഗ്ഗീസ്,അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍.’

ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: vineeth sreenivasan interview

We use cookies to give you the best possible experience. Learn more