സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 1970കളിലെ ചെന്നൈയുടെ പശ്ചാത്തലത്തില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. സിനിമയില്‍ നിവിന്‍ പോളി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലീഫീ സ്റ്റോറീസിന് നല്കിയ അഭിമുഖത്തില്‍ അമൃത് രാമനാഥിനെ ചിത്രത്തിന്റെ സംഗീത സംവിധായകനാക്കിയതിന്റെ കാരണം വിനീത് വെളിപ്പെടുത്തി. സീനിയറായിട്ടുള്ള ഒരു മ്യൂസിക് ഡയറക്ടറെയാണ് ആദ്യം സിനിമക്കായി ഉദ്ദേശിച്ചതൈന്നും എന്നാല്‍ അമൃതുമായി സംസാരിച്ച ശേഷം അവനെ ഈ സിനിമയുടെ മ്യൂസിക് ചെയ്യാന്‍ ഏല്പിക്കുകയായിരുന്നുവെന്നും വിനീത് വെളിപ്പെടുത്തി.
‘ആദ്യം ഏതെങ്കിലും സീനിയര്‍ മ്യൂസിക് ഡയറക്ടറെ ഈ സിനിമയില്‍ കൊണ്ടുവന്നാലോ എന്നാലോചിച്ചതായിരുന്നു. ഇതുവരെ സീനിയേഴ്‌സിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതിന് വേണ്ടി ഒരു മ്യൂസിക് ഡയറക്ടറെ വിളിക്കാന്‍ തീരുമാനിച്ചതിന്റെയന്നാണ് അമൃത് എന്നെ കാണാന്‍ വരുന്നത്. ദിവ്യയാണ് എന്നോട് അവനെപ്പറ്റി പറയുന്നത്. ഇതിന് മുന്നേ അവന്റെ ഇന്‍ഡിപെന്‍ഡന്റ് മ്യൂസിക് കേട്ടതുകൊണ്ട് അവനെ കാണാന്‍ തീരുമാനിച്ചു.
അവന്‍ ചെയ്തുവെച്ച റിലീസ് ആകാത്ത കുറച്ചു പാട്ടുകള്‍ എന്നെ പാടികേള്‍പ്പിച്ചു. അത് കേട്ടപ്പോള്‍ ഇവനെക്കൊണ്ട് മ്യൂസിക് ചെയ്യിച്ചാലോ എന്ന് ആലോചിച്ചു. നമ്മുടെ പടത്തിന് ചേരുന്ന പാട്ടുകളായിരുന്നു അതൊക്കെ. പക്ഷേ, സത്യം പറഞ്ഞാല്‍ അവന്‍ പാടാനൊരു ചാന്‍സ് തരുമോ എന്ന് ചോദിക്കാന്‍ വന്നതാണ്.എനിക്കത് അറിയില്ലായിരുന്നു.
അന്ന് രാത്രി കിടക്കാന്‍ നേരം ഞാന്‍ ദിവ്യയോട് ചോദിച്ചു, ഇവനെക്കൊണ്ട് ഈ പടത്തില്‍ കമ്പോസ് ചെയ്യിച്ചാലോ എന്ന്. അങ്ങനെയാണ് അവന്‍ ഈ സിനിമയിലേക്കെത്തുന്നത്. ഹൃദയത്തില്‍ ഉള്ള അത്രയും പാട്ടുകള്‍ ഇതിലില്ല. അതില്‍ 15 പാട്ടുകളായിരുന്നു. ഇതില്‍ ചെറിയ കുറച്ച് പാട്ടുകളാണ്. എല്ലാം കൂടിച്ചേര്‍ത്ത് ഒരു 10 പാട്ടുകള്‍ മാത്രമേ ഈ സിനിമയില്‍ ഉള്ളൂ,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan explains why he select Amrith Ramnath as music director in Varshangalkku Sesham