| Friday, 19th April 2024, 7:14 pm

തിര പോലൊരു സിനിമ പിന്നീട് ചെയ്യാത്തതിന്റെ കാരണം അതാണ്: വിനീത് ശ്രീനീവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ ചാര്‍ത്തിയയാളാണ് വിനീത് ശ്രീനിവാസന്‍. വിനീത് സംവിധാനം ചെയ്ത സിനിമകളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് 2013ല്‍ പുറത്തിറങ്ങിയ തിര. തന്റെ സഹോദരനായ ധ്യാന്‍ ശ്രീനിവാസനെ ക്യാമറക്ക് മുന്നിലേക്ക് വിനീത് കൊണ്ടുവന്ന സിനിമ കൂടിയായിരുന്നു തിര. മലയാളികളുടെ പ്രിയ നായിക ശോഭനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

വിനീതിന്റെ സിനിമകളില്‍ ആദ്യാവസാനം ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തിയ ചിത്രം കൂടിയായിരുന്നു തിര. അതിന് മുമ്പും ശേഷവും വിനീത് സംവിധാനം ചെയ്ത സിനിമകളെല്ലാം ഫീല്‍ഗുഡ് സിനിമകളായിരുന്നു. തിരക്ക് ശേഷം എന്തുകൊണ്ട് അതുപോലൊരു സിനിമ സംവിധാനം ചെയ്തില്ല എന്നതിന് വിനീത് മറുപടി നല്‍കി. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

തിര പോലെ ഡാര്‍ക്ക് ഏരിയയില്‍ കഥ പറയുന്ന സിനിമകളിലേക്ക് പോകാന്‍ താത്പര്യമില്ലാത്തുകൊണ്ടാണ് അതുപോലുള്ള സിനിമകള്‍ ചെയ്യാത്തതെന്നും, റിയാലിറ്റിയോട് ചേര്‍ന്നു നില്‍ക്കാന്‍ തനിക്ക് എപ്പോഴും ഭയമാണെന്നും വിനീത് പറഞ്ഞു. തിര സിനിമക്ക് വേണ്ടി ചെയ്ത റിസര്‍ച്ചിനിടയില്‍ അറിഞ്ഞ പല കാര്യങ്ങളും കേട്ട് ഉറങ്ങാന്‍ പറ്റിയിരുന്നില്ലെന്നും വിനീത് പറഞ്ഞു.

‘അതുപോലെ ഡാര്‍ക്ക് ആയിട്ടുള്ള ഏരിയയിലേക്ക് പോകാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് തിര പോലൊരു സിനിമ പിന്നീട് ചെയ്യാത്തത്. തിരയുടെ കഥക്ക് വേണ്ടി ഒരുപാട് റിസര്‍ച്ച് ചെയ്തിരുന്നു. അനുരാധാ കൊയ്‌രാളാ, സുനിതാ കൃഷ്ണന്‍, സൊമാലി മാം ഇവരുമായിട്ടൊക്കെ സംസാരിച്ചിരുന്നു. ഹ്യൂമന്‍ ട്രാഫിക്കിങ്ങ് എന്ന വിഷയത്തില്‍ വര്‍ഷങ്ങളായി ഇടപെടുന്ന ആള്‍ക്കാരാണ് അവരൊക്കെ. ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ ബേസ് ചെയ്ത് സൊമാലി മാമിന്റെ ഒരു പുസ്തകമുണ്ട്. അതിന്റെ കുറച്ച് പേജുകള്‍ വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ പറ്റിയിരുന്നില്ല.

സത്യം പറഞ്ഞാല്‍ റിയാലിറ്റിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പേടിയുള്ള ഒരാളാണ് ഞാന്‍. ആ അവസ്ഥയില്‍ ജീവിക്കുക എന്ന് പറഞ്ഞാല്‍ വലിയ പാടാണ്. അതില്‍ നിന്ന് എസ്‌കേപ്പാകാന്‍ വേണ്ടിയാണ് മ്യൂസിക്, ആര്‍ട്ട്, എന്നീ കാര്യങ്ങളെ നമ്മള്‍ ഡിപ്പെന്‍ഡ് ചെയ്യുന്നത്. എന്റെ സിനിമയില്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഈ എസ്‌കേപ്പിസമാണ്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan explains why he did not movies like Thira

We use cookies to give you the best possible experience. Learn more