ശരാശരി സിനിമയെയും മികച്ചതാക്കുന്നത് എഡിറ്റര്‍മാരാണ്; ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദന പെരുമഴക്കിടയില്‍ വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ കുറിപ്പ്
Entertainment
ശരാശരി സിനിമയെയും മികച്ചതാക്കുന്നത് എഡിറ്റര്‍മാരാണ്; ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദന പെരുമഴക്കിടയില്‍ വ്യത്യസ്തമായി വിനീത് ശ്രീനിവാസന്റെ കുറിപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd March 2021, 11:59 am

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ വിവിധ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മലയാള സിനിമാമേഖലയില്‍ നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടിയില്‍ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

മികച്ച എഡിറ്റിങ്ങിനും മികച്ച തെലുങ്കു ചിത്രത്തിനും അവാര്‍ഡ് നേടിയ ജേഴ്‌സി എന്ന ചിത്രത്തെ കുറിച്ചാണ് വിനീതിന്റെ കുറിപ്പ്. എഡിറ്റര്‍മാര്‍ക്ക് സിനിമയിലുള്ള പ്രധാന്യത്തെ കുറിച്ചും വിനീത് എടുത്തുപറയുന്നുണ്ട്.

‘ദേശീയ പുരസ്‌കാര പ്രഖ്യാപനം കാണുന്ന സമയത്ത് തെലുങ്കു ചിത്രമായ ജേഴ്‌സിക്ക് മികച്ച എഡിറ്റര്‍ക്കും മികച്ച തെലുങ്കു ചിത്രത്തിനും അവാര്‍ഡ് നേടിയത് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി. ജേഴ്‌സി കാണുന്നതു വരെ നാഗേഷ് കുക്കുനൂറിന്റെ ഇക്ബാല്‍ ആയിരുന്നു എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ചിത്രം. അതിമനോഹരമായി എഡിറ്റ് ചെയ്ത് കവിത പോലെ ഒഴുകുന്ന ചിത്രമാണ് ജേഴ്‌സി.

എഡിറ്റര്‍മാരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എഡിറ്റിംഗ് ടേബിളില്‍ വെച്ച് നിരവധി സിനിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പല സിനിമകളെയും രക്ഷിച്ചതും എഡിറ്റര്‍മാരാണ്.

ഒരു ശരാശരി ഗുണമുള്ള സിനിമ ചെയ്താലും പലപ്പോഴും സംവിധായകന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം എഡിറ്ററുടെ കാഴ്ചപ്പാടുകളാണ്. സിനിമയില്‍ നിരന്തരം സംഭവിക്കുന്ന കാര്യമാണത്. നമ്മുടെ എഡിറ്റര്‍മാരെ ആഘോഷിക്കേണ്ട സമയമാണിത്.

നിങ്ങള്‍ നമ്മുടെ സിനിമക്ക് വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി പറയുന്നു,’ വിനീത് കുറിപ്പില്‍ പറയുന്നു. ഒരു സിനിമാഭ്രാന്തന്റെ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

എഡിറ്റിങ്ങ് മേഖലയിലെ നിരവധി പേരാണ് വിനീതിന്റെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Vineeth Sreenivasan congratulates editors and Telugu film Jersey after National Film Awards 2019