മലയാളിയുടെ ദേശീയ ഭക്ഷണമായാണ് പൊറോട്ടയും ബീഫും അറിയപ്പെടുന്നത്. അറേബ്യന്‍ വിഭവങ്ങള്‍ ഉള്‍പ്പെട പല പുതിയ ഐറ്റങ്ങള്‍ വന്നെങ്കിലും ഈ കോമ്പോ ഇപ്പോഴും മലയാളിയുടെ ഇഷ്ടഭക്ഷണത്തില്‍ മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നു. അതുപോലെ അടുത്തിടെ ഹിറ്റായ കോമ്പോയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും.
ഇരുവരും വീണ്ടും ഒന്നിച്ച ഹൃദയം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ ഇരുവരും പൊറോട്ടയും ബീഫും കഴിക്കുന്ന രംഗമുണ്ട്. സിനിമ കണ്ട പലരുടെയും സംശയമായിരുന്നു ഈ കട എവിടെയാണെന്നുള്ളത്. ഒരുപാട് പേര്‍ ചോദിച്ച സംശയത്തിന് ഇപ്പോള്‍ ഉത്തരം നല്‍കുകയാണ് വിനീത് ശ്രീനിവാസന്‍.
‘ഹൃദയം കണ്ട ഒരുപാടു പേര്‍ ചോദിച്ച ഒരു കാര്യമാണ്, അരുണും നിത്യയും പൊറോട്ടയും ബീഫും കഴിക്കുന്ന കട ഏതാണെന്ന്. കൊല്ലങ്കോടു നിന്നും പൊള്ളാച്ചി പോവുന്ന റൂട്ടില്‍ രണ്ടര കിലോമീറ്റര്‍ പോയാല്‍ എടച്ചിറ എന്ന സ്ഥലത്തെത്തും. അവിടെയുള്ള അയ്യപ്പേട്ടന്റെ കടയാണത്. സുരാജേട്ടനും ഹരീഷ് കണാരനുമാണ് എന്നെ അവിടെ ആദ്യം കൊണ്ടുപോയത്.
കിടിലം ഊണ് കിട്ടും അവിടെ. ബണ്‍ പൊറോട്ട ഞങ്ങള്‍ ഷൂട്ടിനു വേണ്ടി ഒരാളെ വരുത്തി ചെയ്യിച്ചതാണ്. അയ്യപ്പേട്ടന്റെ കടയില്‍ ഇപ്പൊ പൊറോട്ട ഉണ്ടോ എന്നറിയില്ല. പക്ഷെ അദ്ദേഹം കൈപ്പുണ്യം ഉള്ള മനുഷ്യനാണ്. എന്തുണ്ടാക്കിയാലും നല്ല രുചിയാണ്,’ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ‘ അപ്പോള്‍ ഇവിടെ പൊറോട്ട കിട്ടില്ലേ’ എന്നാണ് ഒരു കമന്റ്. ‘അയ്യപ്പേട്ടന് കോളടിച്ചു’ എന്നാണ് മറ്റ് ചില കമന്റുകള്‍.
എന്തായാലും ഒരിടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ഹൃദയം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമയായി മാറിയിരിക്കുകയാണ്. കേരളത്തിന് പുറത്തുള്ള കാമ്പസ് ജീവിതം അധികം പറയാത്ത മലയാളസിനിമയില്‍ അരുണ്‍ നീലകണ്ഠന്റെ കാമ്പസ് ജീവിതം പുതുമ സൃഷ്ടിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ചിത്രം ഇപ്പോഴും വലിയ ചര്‍ച്ചയാണ്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാള ചിത്രങ്ങള്‍ റിലീസ് മാറ്റിവെച്ചപ്പോഴും ഹൃദയം റിലീസ് ചെയ്യാനുള്ള തീരുമാനവുമായി അണിയറപ്രവര്‍ത്തകര്‍ മുന്നോട്ട് പോവുകയായിരുന്നു.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിച്ചത്.
Content Highlight: vineeth sreenivasan answer to the doubts of audience about porotta and beef