| Saturday, 21st January 2023, 11:52 am

'ബാന്‍ ചെയ്യല്‍' നീക്കം ചെയ്യാന്‍ വിനീത്; ഓണസദ്യക്ക് നോണ്‍വെജ് ഉള്‍പ്പെടുത്തി ജനകീയമാക്കാന്‍ അജു; പഴയ വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുഞ്ഞിരാമായണം റിലീസ് ചെയ്ത സമയത്ത് മഴവില്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളാണ് വൈറലാകുന്നത്. അന്ന് അവതാരകയായിരുന്ന നടി രജിഷ വിജയനാണ് ചാനലിന് വേണ്ടി ഇവരുടെ അഭിമുഖം നടത്തുന്നത്.

മഹാബലിയായാല്‍ നാടിന് വേണ്ടി നിങ്ങള്‍ എന്ത് ചെയ്യുമെന്ന രജിഷയുടെ ചോദ്യത്തോട് വിനീതും അജുവും നല്‍കിയ മറുപടികളാണ് ഇപ്പോള്‍ വീഡിയോ വൈറലാകാന്‍ കാരണം.

മഹാബലിയായാല്‍ എല്ലാ വിധത്തിലുള്ള നിരോധനങ്ങളും എടുത്തുകളയുമെന്നാണ് വിനീത് പറയുന്നത്. ഓണസദ്യയില്‍ നോണ്‍ വെജ് ഉള്‍പ്പെടുത്തുമെന്നാണ് അജുവിന്റെ മറുപടി.

‘ബാന്‍ ചെയ്യാനാള്ള അവകാശം നീക്കം ചെയ്യും,’ വിനീത് പറയുന്നു. ‘ഞാന്‍ സദ്യയുടെ കൂടെ പുതിയ ഐറ്റംസ് ഉള്‍പ്പെടുത്തും. കുറച്ച് നോണ്‍ വെജൊക്കെ ഉള്‍പ്പെടുത്തി ജനകീയമാക്കും,’ അജു പറഞ്ഞു.

തുടര്‍ന്ന്, ഓണത്തിന് നോണ്‍വെജ് വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ മഹാബലിയാകേണ്ടല്ലോ കുക്കായാല്‍ പോരെയെന്നാണ് അജുവിന് ധ്യാന്‍ കൊടുക്കുന്ന കൗണ്ടര്‍ മറുപടി.

മഹാബലിയായാല്‍ റോഡെല്ലാം നന്നായി ടാര്‍ ചെയ്ത് കാറോടിച്ചു പോകുമെന്നാണ് ചോദ്യത്തിന് ധ്യാന്‍ ശ്രീനിവാസന്‍ നല്‍കുന്ന മറുപടി. ധ്യാന്‍ അങ്ങനെ ചെയ്താല്‍, ഒരു പുതിയ കാര്‍ വാങ്ങി അതേ റോഡിലൂടെ ഓടിച്ചു പോകുമെന്ന് വിനീത് കൂട്ടിച്ചേര്‍ത്തപ്പോള്‍ ‘എന്റെ റോഡിലൂടെയോ’ എന്ന് ധ്യാന്‍ തിരിച്ചു ചോദിക്കുന്നുമുണ്ട്. ഇതിന് പിന്നാലെ, സെല്‍ഫിഷ് മഹാബലി എന്നാണ് വിനീതും അജുവും ധ്യാനിനെ വിളിക്കുന്നത്.

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രമായ പത്താനടക്കമുള്ള സിനിമകള്‍ നിരോധിക്കണമെന്ന ആവശ്യവുമായ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍ എത്തിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഈ പഴയ അഭിമുഖം ഇപ്പോള്‍ വൈറലാകുന്നത്. അടുത്ത വര്‍ഷങ്ങളായി പല ചിത്രങ്ങള്‍ക്കുമെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങളും നിരോധനത്തിനായുള്ള മുറവിളികളും സമാനമായ രീതിയില്‍ ഉയര്‍ന്നിരുന്നു.

സ്‌കൂള്‍ കലോത്സവത്തിനുള്ള ഭക്ഷണവിഭവങ്ങളില്‍ നോണ്‍വെജ് കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നത് ഏറെ ചര്‍ച്ചയായിരുന്നു. വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ ഉള്‍പ്പെടുത്തണമെന്നും, ഭക്ഷ്യ സംസ്‌കാരം ബ്രാഹ്മണ്യ-ശുദ്ധി ബോധങ്ങളില്‍ നിന്ന് പുറത്തുവരണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യമുയര്‍ന്നിരുന്നത്.

ഈ രണ്ട് വിഷയങ്ങളുടെയും പശ്ചാത്തലത്തിലാണ് അജുവിന്റെയും വിനീതിന്റെയും വീഡിയോ വീണ്ടും വൈറലാകുന്നത് എന്ന് കമന്റുകളില്‍ കാണാം.

Content Highlight: Vineeth Sreenivasan and Aju Vargheese’s old interview goes viral amidst Pathaan movie controversy and Non veg in Kalotsavam issue

We use cookies to give you the best possible experience. Learn more