അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ തനിക്ക് താത്പര്യമില്ലെന്ന് വിനീത് ശ്രീനിവാസൻ. ഡാർക്ക് ഫിലിം ചെയ്താൽ അത് തന്റെ ലൈഫിനെയും ബാധിക്കുമെന്നും വിനീത് പറഞ്ഞു. ആ അവസ്ഥ തന്നിലേക്ക് കടന്നുവരുമെന്നും അതിലൂടെ കടന്നുപോകാൻ താത്പര്യമില്ലെന്നും വിനീത് കൂട്ടിച്ചേർത്തു.
വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടാണ് അത്തരം സിനിമകൾ ചെയ്യുന്നതിനും വിനീത് ദേശാഭിമാനിയുടെ വരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘അസ്വസ്ഥത ഉണ്ടാക്കുന്ന വിഷയങ്ങളിൽ സിനിമ ചെയ്യാൻ താത്പര്യമില്ല. ഡാർക്ക് ഫിലിം ചെയ്താൽ അത് എന്റെ ലൈഫിനെയും ബാധിക്കും. ആ അവസ്ഥ എന്നിലേക്കും കടന്നുവരും. ആ അവസ്ഥയിലൂടെ കടന്നുപോകാൻ താത്പര്യമില്ല. വളരെ സന്തോഷത്തോടെയുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്.
അതിനാലാണ് അത്തരം സിനിമകൾ ചെയ്യുന്നത്. ഏറ്റവും ചുരുങ്ങിയത് സിനിമ സന്തോഷകരമായി അവസാനിക്കുന്നതാണ് ഇഷ്ടം. സിനിമയും ജീവിതവും മാറ്റിനിർത്താൻ കഴിയില്ല. അങ്ങനെ പറ്റുന്നവർ ഉണ്ടാകും. എനിക്ക് പറ്റില്ല. ഭാവിയിൽ അങ്ങനെ സിനിമയും ജീവിതവും രണ്ടായി കാണുന്ന സിനിമകൾ ചെയ്യാൻ ചിലപ്പോൾ ശ്രമിക്കും. ഒരുപക്ഷേ അടുത്തത് അങ്ങനെയൊന്ന് ആകാം,’ വിനീത് ശ്രീനിവാസൻ പറയുന്നു.
ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രത്തിൽ എത്തുന്ന വർഷങ്ങൾക്ക് ശേഷമാണ് വിനീതിന്റെ പുതിയ സംവിധാന ചിത്രം. ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.
വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണ്യനാണ്.
Content Highlight: Vineeth sreenivasan about why he didn’t do dark films