| Saturday, 22nd June 2024, 1:48 pm

അടുത്ത സിനിമയില്‍ ഞാന്‍ ഇവരെയൊന്നും കാസ്റ്റ് ചെയ്യില്ല, പരാതി കേള്‍ക്കാന്‍ വയ്യ: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയിലുള്ള താരങ്ങളെ അടുത്ത സിനിമയില്‍ താന്‍ കാസ്റ്റ് ചെയ്യില്ലെന്ന് സംവധായകന്‍ വിനീത് ശ്രീനിവാസന്‍. അതിന്റെ കാരണത്തെ കുറിച്ചും വിനീത് പറഞ്ഞു. ഒാണ്‍ ദി ഡോട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി തന്റെ മുന്‍ സിനിമകളിലെ അതേ താരങ്ങളെയായിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം സിനിമിയിലും വിനീത് പ്രധാന കഥാപാത്രങ്ങളായി കാസ്റ്റ് ചെയ്തത്. മലയാളത്തില്‍ നെപ്പോ കിഡ്‌സിനെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന സംവിധായകനായും വിനീതിനെ ചിലര്‍ ബ്രാന്‍ഡ് ചെയ്തിരുന്നു.

കംഫര്‍ട്ട് സോണിലുള്ള ആളുകളെ മാത്രം പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്നും കുറച്ചുകൂടി ഫ്രീഡം ലഭിക്കുമെന്നതുകൊണ്ടാണോ അതോ യാദൃശ്ചികമായി സംഭവിക്കുന്നതാണോ എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

ഈ സിനിമയില്‍ ചില റോളുകളിലേക്ക് കാസ്റ്റ് ചെയ്യാന് വേണ്ടി ഞാന്‍ ഇതിന് മുന്‍പ് വര്‍ക്ക് ചെയ്തിട്ടില്ലാത്ത ചില ആളുകളെ കോണ്‍ടാക്ട് ചെയ്തിരുന്നു. പക്ഷേ അവരെയൊന്നും എനിക്ക് കിട്ടിയില്ല.

അപ്പോള്‍ പിന്നെ നമ്മള്‍ വീണ്ടും നമ്മുടെ ആള്‍ക്കാരിലേക്ക് വന്നു. അവര്‍ക്ക് ഫിറ്റാകുന്ന ക്യാരക്ടറായിരുന്നു അതൊക്കെ. പിന്നെ നമുക്ക് അടുപ്പമുള്ള ആള്‍ക്കാര്‍ വരുമ്പോള്‍ അതൊരു സുഖമാണ്.

പിന്നെ ഇന്നത്തെ കാലത്ത് കാസ്റ്റ് റിപ്പീറ്റ് ചെയ്യുമ്പോള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ ആള്‍ക്കാര്‍ പരാതി പറയും. ഇനി അടുത്ത സിനിമയില്‍ എനിക്ക് ഇത് ചെയ്യാന്‍ പറ്റില്ല. എനിക്ക് മുഴുവനായും ഞാന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ലാത്ത ഒരു ഗ്രൂപ്പ് ഓഫ് ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യേണ്ടി വരും,’ വിനീത് പറഞ്ഞു.

വര്‍ഷങ്ങള്‍ക്കുശേഷം പോലൊരു സിനിമ ചെയ്യാന്‍ പറ്റിയതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സിനിമയെ പറ്റിയുള്ള ഒരു സിനിമ ചെയ്യണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

ഇതില്‍ എന്റെ കൂട്ടുകാരെല്ലാവരും തന്നെയാണ് ഉള്ളത്. പേഴ്‌സണലി നമുക്ക് വളരെ അടുപ്പമുള്ളവരാണ് എല്ലാവരും. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പറ്റണമെന്നില്ല. സത്യന്‍സാറും പ്രിയന്‍സാറുമൊക്കെ പറഞ്ഞ പഴയ കഥ കേള്‍ക്കുമ്പോള്‍ കൊതി തോന്നിയിട്ടുണ്ട്. സത്യന്‍ അങ്കിളിനെയൊക്കെ ഒടുവില്‍ അങ്കിളൊക്കെ വിളിച്ച് ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്, ഞാന്‍ എപ്പോഴാ വരേണ്ടത് എന്നാണ് ചോദിക്കുക. കഥാപാത്രം എന്താണെന്നോ സിനിമ എന്താണെന്നോ അറിയില്ല.

അത്തരം ബന്ധങ്ങള്‍ കൊണ്ട് ഉണ്ടാകുന്ന സിനിമകള്‍ ഉണ്ടല്ലോ. താളവട്ടത്തിന്റെ സമയത്ത് ഹോസ്പിറ്റലായി ഷൂട്ട് ചെയ്ത അതേ സ്ഥലത്താണ് ലാലങ്കിളും പ്രിയനങ്കിളും എല്ലാവരും താമസിച്ചത് എന്ന് കേട്ടിട്ടുണ്ട്. അവിടുന്ന് രാവിലെ എഴുന്നേറ്റ് ഷൂട്ട് ചെയ്യുന്നു എന്ന രീതി.

ഈ സിനിമയുടെ സക്‌സസ് എന്നതിനേക്കാള്‍ ഈ സിനിമ തന്ന എക്‌സ്പീരിയന്‍സാണ് എനിക്ക് ഇഷ്ടം. മൂന്നാറില്‍ ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്തു തന്നെയാണ് ഞങ്ങള്‍ എല്ലാവരും താമസിച്ചത്. ഓരോരോ മുറികളിലായി എല്ലാവരും ഉണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് പല്ലു തേച്ച് ഷൂട്ട് തുടങ്ങുന്നു. ബ്രേക്ക് ടൈമില്‍ പോയി കുളിക്കുന്നു. ഈ എക്‌സ്പീരിയന്‍സ് ഇന്ന് ഇല്ല. എല്ലാവര്‍ക്കും ഇന്ന് കാരവന്‍ ഉണ്ടാകും.

തങ്കമൊക്കെ ഷൂട്ട് ചെയ്യുമ്പോള്‍ ബിജു ചേട്ടന്‍ എന്നെ ഫോണില്‍ വിളിക്കും. ഞാന്‍ വാനില്‍ ഉണ്ട് നീ ഇവിടേക്ക് വാ എന്ന് പറഞ്ഞിട്ട്. എല്ലാവര്‍ക്കും കമ്പനി ആവശ്യമുണ്ടല്ലോ.

അരവിന്ദന്റെ അതിഥികള്‍ ചെയ്യുമ്പോള്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചാണ് ഉണ്ടായിരുന്നത്. ആരും കാരവാനിലേക്ക് പോകില്ല. ആ ഗസ്റ്റ് ഹൗസിനകത്താണ് ഉണ്ടാകുക. ഇതുപോലൊരു സിനിമ ഇനി നടക്കില്ലെന്ന് എനിക്ക് അന്നു തോന്നിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് തോന്നി ഇനി ഇങ്ങനെ ഒരു സിനിമ ഉണ്ടാകില്ല എന്ന്,’ വിനീത് പറഞ്ഞു.

Also Read: ആ ജെയിംസ് ബോണ്ട്‌ ചിത്രത്തിൽ ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സീനിനെ ഞാൻ എന്റെ സിനിമയിൽ ഉപയോഗിച്ചപ്പോൾ അത് വർക്കായി: ജീത്തു ജോസഫ്

Content Highlight: Vineeth sreenivasan about Varshangalkkushesham Movie Cast

We use cookies to give you the best possible experience. Learn more