| Thursday, 24th October 2024, 2:07 pm

ഉറക്കമെഴുന്നേറ്റപ്പോൾ കിട്ടിയ രണ്ട് വാക്കുകളിൽ നിന്നാണ് ആ സൂപ്പർ ഹിറ്റ്‌ പാട്ട് പിറന്നത്: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹൃദയം. കൊവിഡിന് ശേഷം തിയേറ്ററുകളില്‍ യൂത്താഘോഷമാക്കി മാറ്റിയ ചിത്രം കൂടിയായിരുന്നു ഇത്. ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

സിനിമ പോലെ ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു. അതിലൊന്നായിരുന്നു വിനീതിന്റെ പാർട്ണർ കൂടിയായ ദിവ്യ പാടിയ ഉണക്ക മുന്തിരി പറക്ക പറക്ക എന്ന ഗാനം. ഒരു വെളുപ്പാൻകാലത്ത് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ആദ്യമായി ആ പാട്ട് ഉണ്ടാവുന്നതെന്ന് വിനീത് പറയുന്നു. എന്നാൽ അത് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്ക് അറിയില്ലെന്നും വിനീത് പറഞ്ഞു. പിന്നീട് താനത് ഹിഷാമിന് അയച്ചുകൊടുത്തെന്നും വിനീത് വെറൈറ്റി മീഡിയയോട് പറഞ്ഞു.

‘ഒരു ദിവസം വെളുപ്പിന് നാല് മാണിക്കാണ് ഉണക്കമുന്തിരി എന്ന പാട്ടിന്റെ ആദ്യവരി എനിക്ക് കിട്ടുന്നത്. രാവിലെ ഈ വരിയും മൂളി കൊണ്ടായിരുന്നു ഞാൻ എഴുന്നേറ്റത്. പക്ഷെ അതെവിടെ നിന്നാണ് കിട്ടിയതെന്ന് എനിക്കറിയില്ലായിരുന്നു.

ഉണക്ക മുന്തിരി പറക്ക പറക്ക മടുക്കുവോളം തിന്നോക്ക തിന്നോക്ക, ഈ രണ്ട് ലൈൻ ഇങ്ങനെ മൈൻഡിൽ ഉണ്ടായിരുന്നു. ഞാൻ അപ്പോൾ തന്നെ ഹിഷാമിന് അത് അയച്ചുകൊടുത്തു. ഹിഷാമിന് സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല.


അതിന് ശേഷമാണ് ബാക്കി വരികളെ കുറിച്ച് ഞാൻ ഓർത്തത്. അപ്പോഴും ഞാൻ കരുതുന്നുണ്ട്. ഇതെന്താണ് സംഭവം, ഞാനിനി കുക്ക് ചെയ്യുമ്പോൾ കിട്ടിയതാണോ, അതോ ഭക്ഷണം വല്ലതും സ്വപ്നം കണ്ടതാണോ എന്നൊക്കെ കരുതി. ഒന്നും മനസിലായില്ല.

അതൊക്കെ ഞാൻ ഇങ്ങനെ ആലോചിച്ചു. പിന്നെ ഞാൻ ഓർത്തത്, ഇതൊക്കെ എവിടെയാണ് കാണാൻ പറ്റുകയെന്നായിരുന്നു. കല്യാണതല്ലേന്ന് ഒരു വീട്ടിൽ ഇതെല്ലാം ഉണ്ടാവുമെന്ന തിരിച്ചറിവിലാണ് ബാക്കി വരിയൊക്കെ ഞാൻ ആഡ് ചെയ്തത്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan About Unnaka Munthiri Parakka Song In Hridham Movie

We use cookies to give you the best possible experience. Learn more