| Tuesday, 15th October 2024, 8:31 am

തേന്മാവിൻ കൊമ്പത്തായിരുന്നു എന്റെ ഫേവറീറ്റ് ചിത്രം, പക്ഷെ വളരുന്നതിനനുസരിച്ച് ആ ഇഷ്ടം മറ്റൊരു സിനിമയോടായി: വിനീത് ശ്രീനിവാസൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള ആളാണ് വിനീത് ശ്രീനിവാസൻ. ഗായകനായി തന്റെ കരിയർ തുടങ്ങിയ വിനീത് ശ്രീനിവാസൻ, ഇന്ന് മലയാളത്തിലെ ഒരു ഹിറ്റ്‌ മേക്കർ സംവിധായകനും നടനും നിർമാതാവുമെല്ലാമാണ്. ഏറ്റവും ഒടുവിൽ വിനീതിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം എന്ന ചിത്രവും തിയേറ്ററിൽ ശ്രദ്ധ നേടിയിരുന്നു.

മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീനിവാസൻ. അച്ഛന്റെ സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിനീത്. ചെറുപ്പത്തിൽ കണ്ടപ്പോൾ ഏറ്റവും ഇഷ്ടമായ അച്ഛന്റെ ചിത്രം തേന്മാവിൻ കൊമ്പത്താണെന്നും എന്നാൽ വളരുന്നതിനനുസരിച്ച് ഇഷ്ടം കൂടി വന്നത് സന്ദേശം എന്ന ചിത്രത്തോടാണെന്നും വിനീത് പറയുന്നു.

രാഷ്ട്രീയ ചിത്രമെന്നതിനുപരി അത് അവതരിപ്പിച്ച രീതിയാണ് തന്നെ ഏറെ ആകർഷിച്ചതെന്നും വിനീത് പറഞ്ഞു. പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ തന്റെ സിനിമമോഹം അച്ഛനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ ബിരുദ പഠനത്തിന് ശേഷം മതി സിനിമയെന്ന് ശ്രീനിവാസൻ പറഞ്ഞെന്നും വിനീത് കൂട്ടിച്ചേർത്തു. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു താരം.

‘കുട്ടിക്കാലത്ത് കണ്ട സിനിമകളിൽ അന്നേറെ ഇഷ്ടപ്പെട്ടത് തേന്മാവിൻ കൊമ്പത്തായിരുന്നു. എന്നാൽ വളരുന്നതിനനുസരിച്ച് ഓരോ തവണ കാണുമ്പോഴും ഇഷ്ടം കൂടിക്കൂടി വരുന്ന സിനിമ സന്ദേശമാണ്. രാഷ്ട്രീയപ്രസക്തിയുള്ള സിനിമ എന്നതിനേക്കാൾ കൂടുതൽ സറ്റയറിക്കലായി കാര്യങ്ങൾ അവതരിപ്പിച്ച അവതരണ ശൈലിയാണ് ഏറെ ആകർഷിച്ചത്.

അച്ഛൻ നല്ല മുഡിലാണെങ്കിൽ വീട്ടിൽ ഭയങ്കര രസമാണ്. അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടിരിക്കാൻ തോന്നും. അമ്മ ആരോഗ്യകാര്യത്തെ കുറിച്ച് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കും, അപ്പോൾ അച്ഛൻ അമ്മയെ പൊക്കി സംസാരിക്കും. ഇവളെന്തൊരു ആളാണ്, നീ നോക്കിയേ ഇവളില്ലെങ്കിൽ ഞാൻ കഷ്ടപ്പെട്ടേനേ, എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കും.

പ്ലസ് ടു കഴിയുന്ന സമയത്ത് തന്നെ ഞാൻ അച്ഛനോട് സിനിമയാണ് എനിക്ക് താത്പര്യം എന്ന് പറഞ്ഞു. ബിരുദപഠനം കഴിയുന്നത് വരെ അതിനെ കുറിച്ചൊന്നും ചിന്തിക്കേണ്ട, അതുകഴിഞ്ഞ് എന്താണെന്നുവെച്ചാൽ നിനക്ക് തീരുമാനിക്കാം, എന്നായിരുന്നു അച്ഛൻ്റെ നിലപാട്. അപ്പോഴും സിനിമ എന്ന എൻ്റെ ആഗ്രഹത്തെ എതിർക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്റെ ഇരുപത്തിനാലാം വയസിലാണ് മലർവാടി ആർട്‌സ് ക്ലബ് എന്ന സിനിമയെഴുതുന്നത്,’വിനീത് ശ്രീനിവാസൻ പറയുന്നു.

Content Highlight: Vineeth Sreenivasan About Thenmavin Kombath Movie And Sandesham Movie

We use cookies to give you the best possible experience. Learn more