| Saturday, 22nd June 2024, 5:31 pm

ആസിഫ് പേടിക്കണ്ട, ഒരാളും ഇതറിയാന്‍ പോകുന്നില്ലെന്ന് ഞാന്‍ പറഞ്ഞു, വര്‍ഷങ്ങള്‍ക്കുശേഷത്തില്‍ ആസിഫിനെ വീല്‍ചെയറിലാക്കിയതിന്റെ കാരണം അതാണ്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ വളരെ കുറഞ്ഞ രംഗങ്ങളില്‍ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു ആസിഫ് അലിയുടേത്. കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭര്‍ത്താവായിട്ടാണ് ആസിഫ് സിനിമയില്‍ എത്തിയത്. സിനിമയുടെ റിലീസിന് മുന്‍പ് ആസിഫ് സിനിമയിലുള്ള കാര്യം അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല.

കാമിയോ റോളിലെത്തിയ ആസിഫിന്റെ കഥാപാത്രം അസുഖബാധിതനായി വീല്‍ചെയറില്‍ കഴിയുന്ന ഒരാളായിട്ടാണ്. എന്നാല്‍ ആസിഫിന്റെ കഥാപാത്രത്തെ വീല്‍ചെയറില്‍ ഇരിക്കുന്ന ഒരാളാക്കിമാറ്റിയതിന് പിന്നില്‍ ഒരു കഥയുണ്ടെന്നാണ് സംവിധായകന്‍ വിനീത് പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം കമ്മിറ്റ് ചെയ്തതിന് ശേഷം ആസിഫിന് ഒരു ആക്‌സിഡന്റ് പറ്റിയെന്നും കാലുവയ്യാതെ കിടപ്പിലായെന്നും സിനിമയില്‍ ജോയിന്‍ ചെയ്യാന്‍ പറ്റില്ലെന്ന ഘട്ടം വന്നപ്പോഴാണ് കഥാപാത്രത്തെ വീല്‍ചെയറില്‍ ഇരിക്കുന്ന അസുഖമുള്ള ഒരാളാക്കി മാറ്റിയതെന്നുമാണ് വിനീത് പറയുന്നത്.

വളരെ ചുരുക്കം സീനുകളില്‍ മാത്രം ഉള്ള, വന്നുപോകുന്ന ഒരു കഥാപാത്രത്തെയാണല്ലോ ആസിഫിന് കൊടുത്തതെന്നും വേറെ ആരെങ്കിലുമാണെങ്കില്‍ ഒരുപക്ഷേ ആ കഥാപാത്രം വേണ്ടെന്ന് വെക്കുമായിരുന്നില്ലേ എന്നുമുള്ള ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘സിനിമ ഇറങ്ങുന്നത് വരെ എനിക്ക് ആസിഫ് പടത്തിലുണ്ട് എന്ന കാര്യം പറയാന്‍ പറ്റില്ലായിരുന്നു. പലരും സിനിമ കാണുമ്പോഴാണ് ആസിഫ് ഉള്ളത് അറിയുന്നത്. ആസിയുടെ അടുത്ത് വിളിച്ചിട്ട് ഇങ്ങനെ ഒരു സംഭവമുണ്ട് എന്ന് പറഞ്ഞപ്പോള്‍ വിനീതേ, ഞാന്‍ ഉണ്ടാകുമെന്ന് പറഞ്ഞു. എന്താണ് ക്യാരക്ടര്‍ എന്നോ എന്താണ് കഥയെന്നോ ആസി ചോദിച്ചിട്ടില്ല.

Also Read : ആ ജെയിംസ് ബോണ്ട്‌ ചിത്രത്തിൽ ഒട്ടും പ്രാധാന്യമില്ലാത്ത ഒരു സീനിനെ ഞാൻ എന്റെ സിനിമയിൽ ഉപയോഗിച്ചപ്പോൾ അത് വർക്കായി: ജീത്തു ജോസഫ്

പിന്നെയാണ് കഥാപാത്രത്തെ കുറിച്ചൊക്കെ ചോദിക്കുന്നത്. അതിനിടയ്ക്കാണ് ആസിക്ക് ഒരു അപടകം പറ്റുന്നത്. കാല് വയ്യാതെ കിടപ്പിലായി.
ഷൂട്ടിന്റെ രണ്ട് ദിവസം മുന്‍പ് അസിസ്റ്റന്റ് ഡയറക്ടേഴ്‌സൊക്കെ ആസിക്ക് ചെയ്യാന്‍ പറ്റുമോ വേറെ ഓപ്ഷന്‍ നോക്കണോ എന്നൊക്കെ എന്നോട് ചോദിക്കുന്നുണ്ട്.

ആസി വരുമെന്ന് ഞാനും വിശാഖും പറഞ്ഞു. ഞങ്ങള്‍ മൂന്നാറിലെ ഷൂട്ട് കഴിഞ്ഞ് ഷിഫ്റ്റ് ചെയ്ത് നേരെ എറണാകുളത്തേക്ക് വന്നു. രാവിലെ ആസിഫിന്റെ വീട്ടില്‍ അവനെ കാണാനായിട്ട് പോയി. ആസിക്ക് കാല്‍ അനക്കാന്‍ പറ്റില്ല. ബെഡ്ഡിലാണ്. ഷൂട്ട് ഒരാഴ്ച തള്ളാന്‍ പറ്റുമോ എന്ന് അവന്‍ ചോദിച്ചു.

അത് ചെയ്യാന്‍ പറ്റില്ല. ആസി ഒന്നുകൊണ്ടും പേടിക്കണ്ട, നീ ഈ ഇരിക്കുന്ന രീതിയില്‍ ഷൂട്ട് ചെയ്‌തോളാം. ഒരു മനുഷ്യനും അറിയാന്‍ പോകുന്നില്ല. ജസ്റ്റ് വന്നാല്‍ മാത്രം മതിയെന്ന് പറഞ്ഞു.

ഈയൊരു മൂഡില്‍ ആസി തനിച്ച് ഇരിക്കേണ്ട ആളല്ല എന്ന് പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ഉണ്ടെന്ന് പറഞ്ഞു. 20 മിനുട്ട് നീണ്ട സംസാരത്തിനു ശേഷം വീല്‍ചെയര്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ആസി ചോദിച്ചു. അങ്ങനെ അവന്‍ വീല്‍ ചെയറിലാണ് ലൊക്കേഷനിലേക്ക് വന്നത്. ലുക്ക് ടെസ്റ്റൊക്കെ ഫിക്‌സ് ചെയ്ത് നേരെ ഷൂട്ടിന് ഇരുത്തി. പടത്തില്‍ മൊത്തം ആസി ഇരിക്കുകയാണ്.

ആസി വന്ന് അഭിനയിച്ച് പോയ ശേഷം വിശാഖ് ആസിക്ക് ശമ്പളം കൊടുക്കണ്ടേ എന്ന് എന്നോട് ചോദിച്ചു. ശമ്പളത്തെ സംസാരിച്ചാല്‍ ആസി ചീത്ത വിളിക്കുമെന്ന് എനിക്ക് അറിയാം. അങ്ങനെ സൂത്രത്തില്‍ അക്കൗണ്ട് ഡീറ്റെയ്ല്‍സ് എടുപ്പിച്ച് വിശാഖ് ഒരു തുക അവന് ട്രാന്‍സ്ഫര്‍ ചെയ്തു. അത് അവിടെ എത്തിയ ഉടനെ തന്നെ ആസി ഫോണ്‍വിളിച്ച് വിശാഖിനെ ചീത്ത വിളിച്ചു, നിന്നോട് ആരാടാ എനിക്ക് കാശ് അയക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചു. അത്തരത്തില്‍ കുറേ സൗഹൃദങ്ങള്‍ ഉള്ളത് വലിയ കാര്യമാണ്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth sreenivasan about the story behind Asif ali character on Varshangalkku shesham

We use cookies to give you the best possible experience. Learn more