ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ നിന്ന് ഒഴിവാക്കിയ ആ പാട്ട് ഒടുവില്‍ ഷാന്‍ എന്നെക്കൊണ്ട് തന്നെ പാടിച്ചു: വിനീത് ശ്രീനിവാസന്‍
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയില്‍ നിന്ന് ഒഴിവാക്കിയ പാട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഷാന്‍ റഹ്‌മാന്‍ കമ്പോസ് ചെയ്ത ട്യൂണ്‍ തനിക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ സിറ്റുവേഷന് അനുസരിച്ച് ട്യൂണിന് വേഗതയില്ലാത്തതുകൊണ്ട് ആ ട്യൂണ്‍ ഒഴിവാക്കിയെന്നും വിനീത് പറഞ്ഞു. ഏതെങ്കിലും നല്ല സംവിധായകരുടെ സിനിമയില്‍ ആ ട്യൂണ്‍ ഉപയോഗിച്ചോളാന്‍ താന്‍ പറഞ്ഞെന്നും ഒടുവില്‍ ഷാന്‍ ആ പാട്ട് തന്നെക്കൊണ്ട് തന്നെ പാടിച്ചുവെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്.
‘തെന്നല്‍ നിലാവെന്റെ കാതില്‍ ചൊല്ലി എന്ന പാട്ട് ഷാന്‍ ആദ്യം കമ്പോസ് ചെയ്തത് എന്റെ സിനിമക്ക് വേണ്ടിയായിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം സിനിമയുടെ കമ്പോസിങ്ങിലാണ് ഷാന്‍ ആ ട്യൂണ്‍ ഉണ്ടാക്കുന്നത്. നല്ല ട്യൂണ്‍ ആയിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. പക്ഷേ അത്രയും സ്ലോ ആയിട്ടുള്ള ട്യൂണ്‍ നമുക്ക് പറ്റില്ല.
നിവിനും ഫാമിലിയും എല്ലാരും കൂടെ പുറത്ത് പോയി ഒരു ദിവസം അടിച്ചുപൊളിക്കുന്നതാണ് സിറ്റുവേഷന്‍. ഷാന്‍ ഉണ്ടാക്കിയ ട്യൂണ്‍ നമ്മള്‍ ഉപയോഗിച്ചാല്‍ എല്ലാ സീനും സ്ലോമോഷനില്‍ ഷൂട്ട് ചെയ്യേണ്ടി വരും. അപ്പോള്‍ ഞാന്‍ ഷാനിനോട്, ഈ ട്യൂണ്‍ എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ നമ്മുടെ പടത്തില്‍ ഇത് ഉപയോഗിക്കാന്‍ പറ്റില്ല. നീയൊരു കാര്യം ചെയ്യ്. ഏതെങ്കിലും നല്ല ഡയറക്ടറുടെ സിനിമയില്‍ ഈ ട്യൂണ്‍ ഉപയോഗിക്ക് എന്ന് പറഞ്ഞു.
ആ വര്‍ഷം തന്നെ അവന്‍ ആ ട്യൂണ്‍ ഉപയോഗിച്ചു. ജൂഡ് ആന്തണിയുടെ ഒരു മുത്തശ്ശി ഗദയില്‍. എന്നെക്കൊണ്ട് തന്നെയാണ് അവന്‍ അത് പാടിച്ചത്. ആ പാട്ടിന്റെ സീനില്‍ അഭിനയിച്ചിരിക്കുന്നതും ഞാന്‍ തന്നെ. അപര്‍ണയായിരുന്നു എന്റെ പെയര്‍. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് ആ പാട്ട് പാടിയത്. ഏതെങ്കിലും നല്ല ഡയറക്ടറുടെ പടത്തില്‍ ഉപയോഗിക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ ജൂഡിന്റെ പടത്തില്‍ ആ ട്യൂണ്‍ ഇടുമെന്ന് ഞാന്‍ വിചാരിച്ചില്ല. ഈ കാര്യം ഇതുവരെ ജൂഡിന് അറിയില്ല,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about the song in Oru Muthassi Gada