| Tuesday, 1st February 2022, 12:45 pm

ആള്‍ക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാന്‍ കണ്ടിട്ടുണ്ട്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ അഭിനയിക്കും മുമ്പ് തന്നെ ആളുകള്‍ ഇഷ്ടപ്പെട്ട വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. താരകുടുംബത്തില്‍ ജനിച്ചതിന്റെ ജാഡകളോ ആഡംബരങ്ങളോ ഇല്ലാതെ സിംപിളായി യാത്രകളും പുസ്തകങ്ങളുമൊക്കെയായി നടക്കുന്ന പ്രണവിന്റെ ലാളിത്യം തന്നെയാണ് അതിന് കാരണം.

കേരളത്തിന് പുറത്ത് പല സ്ഥലത്തും ഒരു സാധാരണക്കാരനെ പോലെ നടക്കുന്ന പ്രണവിന്റെ വീഡിയോകളൊക്കെ മുമ്പ് വൈറലായിട്ടുണ്ട്. കഴിഞ്ഞ ജനുവരി 21 ന് റിലീസ് ചെയ്ത പ്രണവിന്റെ പുതിയ ചിത്രം ഹൃദയം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന് ശേഷം ഒരു അഭിമുഖങ്ങളിലും പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. പക്ഷേ അഭിമുഖം കൊടുത്ത താരങ്ങള്‍ക്കെല്ലാം പ്രണവിനെ പറ്റിയായിരുന്നു പറയാനുണ്ടായിരുന്നത്.

പ്രണവ് ഒരു സിമ്പിളായിട്ടുള്ള മനുഷ്യനാണെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തില്‍ കാണുന്ന ഒരാളാണ് പ്രണവെന്നും വിനീത് പറഞ്ഞു.

‘സിനിമയില്‍ അഭിനയിക്കുന്ന ഒരാളല്ല പ്രണവെങ്കില്‍ അവന്‍ നമ്മുടെ അടുത്തുവന്ന് നിന്നാല്‍പോലും നമ്മള്‍ ശ്രദ്ധിക്കില്ല. കാരണം, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ പെരുമാറുകയോ അങ്ങനെ ജീവിക്കുകയോ ഒന്നും ചെയ്യുന്ന ആളല്ല.

ഭയങ്കര സിംപിളായിട്ടുള്ള മനുഷ്യനാണ്. ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടങ്ങളില്‍നിന്ന് വ്യത്യസ്തരായ മനുഷ്യരെ പരിചയപ്പെടുകയും നല്ല വായനയുള്ളതുകൊണ്ടുതന്നെ ജീവിതത്തെ മറ്റൊരുതലത്തില്‍ കാണുകയും ഒക്കെ ചെയ്യുന്ന ഒരാളായിട്ടാണ് എനിക്കുതോന്നിയത്,’ വിനീത് പറഞ്ഞു.

‘ഒന്നും വെട്ടിപ്പിടിക്കണം എന്ന രീതിയിലുള്ള ആഗ്രഹമൊന്നുമില്ലാത്ത ഒരാള്‍. ലളിതമായി ജീവിക്കുക, അങ്ങനെത്തന്നെ മുന്നോട്ടുപോകുക എന്നതാണ് അയാളുടെ രീതിയെന്ന് തോന്നിയിട്ടുണ്ട്. അതുപോലെ, ചെറിയകാര്യങ്ങള്‍പോലും ശ്രദ്ധിക്കുന്ന ഒരാളാണ്.

ഉദാഹരണത്തിന് നമ്മള്‍ ഒരു മലയുടെ മുകളില്‍ ഷൂട്ട് കഴിഞ്ഞ് വരുമ്പോള്‍ അവിടെ ആള്‍ക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളൊക്കെ പെറുക്കിയെടുത്ത് അവിടം വൃത്തിയാക്കുന്ന പ്രണവിനെ ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലെ അവന്റെ ലഗേജൊന്നും വേറെ ആരെയും എടുക്കാന്‍ സമ്മതിക്കില്ല. അങ്ങനെയൊക്കെ കുറെ പ്രത്യേകതകളുണ്ട് കക്ഷിക്ക്,’ വിനീത് കൂട്ടിച്ചേര്‍ത്തു.

ബാലതാരമായുള്ള അരങ്ങേറ്റത്തിന് ശേഷം 2018 ല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ആദിയിലൂടയൊണ് പ്രണവ് സിനിമയിലേക്ക് വീണ്ടും എത്തിയത്. 2019ല്‍ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ടാമത്തെ ചിത്രമായി.

2021 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രണവിന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ നാലാമത്തെ ചിത്രമായ ഹൃദയം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.


Content Highlight: vineeth sreenivasan about the simplicity of pranav mohanlal

We use cookies to give you the best possible experience. Learn more