ഫഹദിനേയും പ്രണവിനേയും ഞങ്ങള്‍ ട്രോളിയിട്ടുണ്ട്; 'അവന്റെ മകന്‍ ഇവന്റെ മകന്‍' എന്ന ഡയലോഗ് എന്നേയും ധ്യാനിനേയുമൊക്കെ ഉദ്ദേശിച്ചാണ്: വിനീത്
Movie Day
ഫഹദിനേയും പ്രണവിനേയും ഞങ്ങള്‍ ട്രോളിയിട്ടുണ്ട്; 'അവന്റെ മകന്‍ ഇവന്റെ മകന്‍' എന്ന ഡയലോഗ് എന്നേയും ധ്യാനിനേയുമൊക്കെ ഉദ്ദേശിച്ചാണ്: വിനീത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 12:59 pm

വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമ വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അണിനിരന്ന ചിത്രം ഒരു പക്കാ മ്യൂസിക്കല്‍ ഫീല്‍ഗുഡ് ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം പകുതിക്ക് ശേഷം വരുന്ന ഓരോ രംഗത്തിലും പ്രേക്ഷകര്‍ക്ക് മതിമറന്ന് ചിരിക്കാനുള്ള വക വിനീത് ഒരുക്കിയിട്ടുണ്ട്.

പരസ്പരമുള്ള ട്രോളുകളുടെ ഒരു പൂരം തന്നെയാണ് രണ്ടാം പകുതിയ്ക്ക ശേഷം. ചിത്രത്തില്‍ പുറത്തുനിന്നുള്ള ഒരാളേയും തങ്ങള്‍ അറ്റാക്ക് ചെയ്തിട്ടില്ലെന്നും സുഹൃത്തുക്കളായതുകൊണ്ട് തന്നെ പരസ്പരമുള്ള ആ കളിയാക്കലില്‍ ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും വിനീത് പറയുന്നു.

‘പുറത്തുനിന്നുള്ള ഒരാളേയും നമ്മള്‍ ഈ സിനിമയില്‍ ട്രോളിയിട്ടില്ല. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. അതില്‍ അപ്പുവിനെ നമ്മള്‍ ട്രോളിയിട്ടുണ്ട്. അത് അപ്പു തന്നെയാണ് ഡബ്ബ് ചെയ്തതും. പിന്നെ നിവിന്‍ നമ്മുടെ സുഹൃത്താണ്. നിവിന്‍ നമ്മളെ ഭീകരമായി അറ്റാക്ക് ചെയ്യുന്നുണ്ട്. ‘അവന്റെ മകന്‍ ഇവന്റെ മകന്‍ ‘എന്ന് പറയുന്ന ഡയലോഗ് എന്നേയും ധ്യാനിനേയും പോലുള്ള നെപ്പോ കിഡ്‌സിന് നേരെയുള്ള അറ്റാക്കാണ്.

നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും ആകുമ്പോള്‍ നമുക്ക് പ്രശ്‌നമില്ലല്ലോ. പിന്നെ ഇതില്‍ ‘അതേ അതേ അതേ’ എന്ന് പറയുന്നത് ഷാനുവിനെ ട്രോളുന്ന രീതിയിലാണ്. ഷാനുവും നമ്മുടെ അടുത്ത സുഹൃത്താണ്. ഇവര്‍ ആര്‍ക്കും പ്രശ്‌നമില്ല.

പ്രേമലുവില്‍ അവര്‍ ഹൃദയത്തെ ഇട്ട് താങ്ങ് താങ്ങിയിരുന്നല്ലോ. അതില്‍ പോത്തേട്ടനും ശ്യാമുമൊക്കെയുണ്ട്. എല്ലാവരും നമ്മുടെ ആള്‍ക്കാരായതുകൊണ്ട് ആര്‍ക്കും പ്രശ്‌നമില്ല.

അത്തരത്തില്‍ നമുക്ക് ഓരോ കാര്യങ്ങളും തുറന്നുപറാന്‍ പറ്റിയത് കൂട്ടുകാരാതുകൊണ്ടാണ്. പുറത്തേക്ക് ഒരു ട്രോള്‍ പോകുമ്പോള്‍ അത് പേഴ്‌സണല്‍ അറ്റാക്ക് ആയി ഫീല്‍ ചെയ്യും. അതുണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പിന്നെ ഇവര്‍ക്കൊക്കെ ഈ സ്‌ക്രിപ്റ്റ് അറിയാമല്ലോ. അതുകൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about the self troll on varshangalkshesham