| Tuesday, 2nd April 2024, 11:32 am

ആദ്യ സിനിമ സംവിധാനം ചെയ്യാനിറങ്ങിയപ്പോള്‍ അച്ഛന്‍ എനിക്ക് പറഞ്ഞു തന്ന ഒരു പാഠമുണ്ട്, ഇപ്പോഴും അതാണ് ഞാന്‍ ഫോളോ ചെയ്യുന്നത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായകന്‍, നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് വിനീത് ശ്രീനിവാസന്‍. 2010ല്‍ ഒരുകൂട്ടം പുതുമുഖങ്ങളെ വെച്ച് മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെ സംവിധാനരംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് വിനീത്. ആദ്യ സിനിമ സംവിധാനം ചെയ്യുന്നതിന് മുമ്പ് അച്ഛന്‍ ഒരു പാഠം പറഞ്ഞു തന്നിരുന്നുവെന്നും അത് തന്നെയാണ് താന്‍ ഇപ്പോഴും ഫോളോ ചെയ്യുന്നതെന്നും വിനീത് പറഞ്ഞു.

തന്റെ പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനി ഉലകത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത്. സംവിധാനരംഗത്തേക്ക് ഇറങ്ങിയപ്പോള്‍ അച്ഛന്റെയടുത്ത് നിന്ന് എന്തെങ്കിലും ഉപദേശം കിട്ടിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വിനീത്.

‘അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു സിനിമയിലെ എല്ലാ സീനുകളും മികച്ചതാക്കാന്‍ ആര്‍ക്കും പറ്റില്ല. പകരം അതിലെ പത്തോ പതിനഞ്ചോ സീനുകള്‍ മികച്ചതായാല്‍ മതി. ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടും. ആ സീനുകള്‍ ഏതുമാകാം. ചിലപ്പോള്‍ ക്ലൈമാക്‌സ് സീനാവാം, അല്ലെങ്കില്‍ ഇന്റര്‍വല്‍ സീനാവാം, അതുമല്ലെങ്കില്‍ ഫസ്റ്റ് ഹാഫിന്റെയോ സെക്കന്‍ഡ് ഹാഫിന്റെയോ മിഡില്‍ സീനാവാം.

ആ സീനുകള്‍ മികച്ചതാക്കാന്‍ നോക്കുമ്പോള്‍ സ്വാഭാവികമായും ബാക്കി സീനുകള്‍ ഗംഭീരമായിക്കോളും. കാരണം, ഏത് സീനാവും ആളുകള്‍ക്ക് ഇഷ്ടമാവുക എന്ന ചിന്തയില്‍ നമ്മള്‍ എല്ലാ സീനുകളും ഗംഭീരമാക്കാനേ നോക്കാറുള്ളൂ. അച്ഛന്‍ പഠിപ്പിച്ചു തന്ന ഈ പാഠം തന്നെയാണ് എന്റെ ആദ്യത്തെ സിനിമ മുതല്‍ ഞാന്‍ ഫോളോ ചെയ്യുന്നത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about the lesson taught by his father before he entering to direction

We use cookies to give you the best possible experience. Learn more