മനസിലെ ആശയം മൂത്ത് പഴുക്കാനായി കാത്തിരിക്കും; ആദ്യമേ എല്ലാമുറപ്പിച്ച് സിനിമ ചെയ്യുന്ന ഒരാളല്ല : വിനീത് ശ്രീനിവാസൻ
Film News
മനസിലെ ആശയം മൂത്ത് പഴുക്കാനായി കാത്തിരിക്കും; ആദ്യമേ എല്ലാമുറപ്പിച്ച് സിനിമ ചെയ്യുന്ന ഒരാളല്ല : വിനീത് ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th April 2024, 9:34 am

രണ്ടുവർഷത്തെ ഗ്യാപ്പിന് ശേഷമാണ് വിനീത് തന്റെ പുതിയ പടമായ വർഷങ്ങൾക്ക് ശേഷം തിയേറ്ററിലേക്ക് എത്തുന്നത്. തന്റെ ഓരോ സിനിമകൾക്ക് ഇടയിലും ഇത്രയും ഗ്യാപ്പ് വരുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

സിനിമയുടെ ആശയം മനസിൽ രൂപപ്പെട്ട് മുന്നോട്ടുപോകാനുള്ള ആഗ്രഹം ശക്തമാകുമ്പോൾ മാത്രമാണ് തന്റെ എഴുത്ത് ആരംഭിക്കുന്നതെന്ന് വിനീത് പറഞ്ഞു. എഴുത്തുടങ്ങിയാൽ കാര്യങ്ങൾ വേഗത്തിലാകുമെന്നും പക്ഷേ ഉൾപ്രേരണ ശക്തമാകുമ്പോൾ മാത്രമേ എഴുതാൻ പറ്റാറുള്ളൂയെന്നും വിനീത് മാതൃഭൂമിയോട് വാരാന്ത്യ പതിപ്പിനോട് പറഞ്ഞു.

‘ഒരു സിനിമയുടെ ആശയം മനസിൽ രൂപപ്പെട്ട് മുന്നോട്ടുപോകാനുള്ള ആഗ്രഹം ശക്തമാകുമ്പോൾ മാത്രമാണ് എഴുത്ത് ആരംഭിക്കുന്നത്. എഴുത്തുടങ്ങിയാൽ കാര്യങ്ങൾ വേഗത്തിലാകും. പക്ഷേ ഉൾപ്രേരണ ശക്തമാകുമ്പോൾ മാത്രമേ എഴുതാൻ പറ്റാറുള്ളൂ. അടുത്ത സിനിമ ഇതാണ് എന്ന് മനസ് പറയുന്ന സമയം ഉണ്ടാകും. അപ്പോഴേക്കും ഒരുപാട് ചിന്തകൾ മനസിലും കഥയുടെ സഞ്ചാരം ഫോണിൽ വോയിസ് റെക്കോർഡ് ആയി (പലപ്പോഴായി സ്വയം റെക്കോർഡ് ചെയ്തു വയ്ക്കുന്ന) നിറഞ്ഞിരിക്കും.

എഴുതി തുടങ്ങാൻ എടുക്കുന്ന സമയമാണ് പലപ്പോഴും സിനിമകൾ തമ്മിലുള്ള ഗ്യാപ്പിനു കാരണം. മനസിലെ തോന്നലുകളിൽ നിന്നാണ് സിനിമ ജനിക്കുന്നത്. മനസിലെ ആശയം മൂത്ത് പഴുക്കാനായി കാത്തിരിക്കും. നിർമാതാക്കളെയും അഭിനേതാക്കളെയും പറഞ്ഞുറപ്പിച്ച് ആദ്യമേ ഒരു പ്രോജക്ട് ഉണ്ടാക്കി സിനിമ ചെയ്യുന്ന രീതിയല്ല എന്റേത്,’ വിനീത് ശ്രീനിവാസൻ.

ഹൃദയത്തിന് ശേഷം കല്യാണി പ്രിയദര്‍ശനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിനും കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനും പുറമെ അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്.

വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം ചിത്രത്തില്‍ നിവിന്‍ പോളി ഒരു ഗസ്റ്റ് റോളില്‍ എത്തുന്നുണ്ട്. ചിത്രം 2024 ഏപ്രില്‍ 11നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് വിശാഖ് സുബ്രമണ്യനാണ്.

Content Highlight: Vineeth sreenivasan about the gap in his films