പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. 2024ലെ വിഷു റിലീസായെത്തിയ ചിത്രം തിയേറ്ററില്‍ വലിയ വിജയം നേടിയിരുന്നു. 70 കോടിക്കുമുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ചിത്രം ഒ.ടി.ടിയിലെത്തിയപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പടക്കം ട്രോളന്മാര്‍ക്ക് വിഷയമായി.
ഒ.ടി.ടി റിലീസിന് ശേഷം ഇത്രയധികം വിമര്‍ശനം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. ആദ്യത്തെ മൂന്ന് ദിവസം എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ പകച്ചിരുന്നുപോയെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തിയേറ്ററില്‍ വൈഡ് ഓഡിയന്‍സിന് സിനിമ വര്‍ക്കായെന്നും അതുകൊണ്ട് ഒ.ടി.ടി റിലീസിന്റെ സമയത്ത് പ്രത്യേകിച്ച് പേടിയുണ്ടായിരുന്നില്ലെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
ഒ.ടി.ടി റിലീസിന് ശേഷം കിട്ടിയ ട്രോളുകളെല്ലാം അലക്കുകല്ലില്‍ ഇട്ട് അടിക്കുന്നതുപോലെയായിരുന്നു തോന്നിയതെന്നും വിനീത് പറഞ്ഞു. എന്നാല്‍ അത്തരം ഫീഡ്ബാക്ക് കിട്ടിയപ്പോള്‍ അതിനെ കൃത്യമായി മനസിലാക്കാന്‍ ശ്രമിച്ചിരുന്നെന്നും എവിടെയാണ് മിസ്‌റ്റേക്കെന്ന് ആളുകള്‍ പറഞ്ഞത് ശ്രദ്ധിച്ചിരുന്നെന്നും വിനീത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
തിയേറ്ററില്‍ പൈസ കൊടുത്ത് ടിക്കറ്റെടുത്ത് കാണുന്ന പ്രേക്ഷകര്‍ ആ ഇരുട്ട് റൂമിലിരുന്ന് സിനിമ കാണുമ്പോള്‍ അവര്‍ക്ക് ആ സിനിമയോട് ഒരു ഇമോഷന്‍ തോന്നുമെന്നും അത് സിനിമയെ സഹായിക്കുമെന്നും വിനീത് പറഞ്ഞു. എന്നാല്‍ ഒ.ടി.ടിയില്‍ അനലിറ്റിക്കല്‍ മൈന്‍ഡോഡെയാണ് പലരും സിനിമ കാണുന്നതെന്നും അത്തരം അവസ്ഥയില്‍ ചെറിയ മിസ്റ്റേക്ക് പോലും അവരുടെ ശ്രദ്ധയില്‍ പെടുമെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍.
‘വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ ഹിറ്റായപ്പോള്‍ വലിയൊരു ആശ്വാസമായിരുന്നു. കാരണം വൈഡ് ഓഡിയന്‍സ് പടം കണ്ടു, അവര്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു എന്നുള്ളത് സന്തോഷം തന്നു. എന്നാല്‍ ഒ.ടി.ടിയില്‍ പടമിറങ്ങിയപ്പോള്‍ കഥ മാറി. അലക്കുകല്ലില്‍ എടുത്തിട്ട് അടിക്കുന്ന പോലെയായിരുന്നു എനിക്ക് തോന്നിയത്. മൂന്നുനാല് ദിവസത്തേക്ക് എന്താണ് സംഭവിക്കുന്നതെന്ന് പിടിയുണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് അതില്‍ നിന്ന് കിട്ടിയ ഫീഡ്ബാക്ക് പരിശോധിച്ചു. എവിടെയാണ് മിസ്‌റ്റേക്ക് പറ്റിയതെന്ന് ശ്രദ്ധിച്ചു.
വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍, തിയേറ്ററില്‍ നിന്ന് പടം കണ്ടവര്‍ കാശ് കൊടുത്ത് ആ ഡാര്‍ക്ക് റൂമിലിരുന്ന് കാണുമ്പോള്‍ അവര്‍ക്ക് ആ സിനിമയോട് ഒരു ഇമോഷന്‍ തോന്നും. ആര്‍ക്കെങ്കിലും ഒരു സീന്‍ വര്‍ക്കായി തോന്നിയാല്‍ അത് എല്ലാവരിലേക്കും എത്തും. ഒ.ടി.ടിയില്‍ പലപ്പോഴും അനലിറ്റിക്കല്‍ മൈന്‍ഡോഡ് കൂടിയാണ് പടം കാണുന്നത്. അപ്പോള്‍ ചെറിയ മിസ്റ്റേക്ക് പോലും അവരുടെ ശ്രദ്ധയില്‍ പെടും. അത് മോശമാണെന്ന അഭിപ്രായം എനിക്കില്ല,’ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
Content Highlight: Vineeth Sreenivasan about the criticism faced by Varshangalkku Sesham after OTT release