വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ഹൃദയത്തിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന സിനിമയില്‍ ധ്യാന്‍ ശ്രീനിവാസന്‍, നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വലിയ താരനിര ഒന്നിക്കുന്നുണ്ട്.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമകളില്‍ സംഗീതത്തിന് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും കാസറ്റുകളില്‍ പാട്ടുകള്‍ ഇറക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. ഫിസിക്കല്‍ കോപ്പിക്ക് പ്രാധാന്യം നല്‍കാനാണ് ഇപ്പോഴുള്ള തലമുറ ശ്രമിക്കുന്നതെന്നും, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും ഈ മാറ്റം വരുമെന്നും വിനീത് പറഞ്ഞു.
‘ഇനിയുള്ള പാട്ടുകള്‍ കാസറ്റില്‍ ഇറക്കാന്‍ പരമാവധി നോക്കും. എത്ര പേരുടെ കൈയില്‍ കാസറ്റ് പ്ലെയര്‍ ഉണ്ടെന്ന് അറിയില്ല. പക്ഷേ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇതുമായി ബന്ധപ്പെട്ട് മാറ്റമുണ്ടാകും. കാരണം, ഇപ്പോഴത്തെ ജനറേഷന് ഫിസിക്കല്‍ കോപ്പിക്ക് വേണ്ടി കൂടുതല്‍ ആഗ്രഹിക്കും. കാരണം അവര്‍ക്ക് കിട്ടുന്നത് മുഴുവന്‍ ഡിജിറ്റലൈസ്ഡ് ആയിട്ടുള്ള വെര്‍ഷനുകള്‍ ആണ്.
ഒരു സമയം കഴിഞ്ഞാല്‍ അവര്‍ക്ക് അതിനോടുള്ള അറ്റാച്ച്‌മെന്റ് പോകും. കാരണം ഇതിന്റെ ഒറിജിനല്‍ എങ്ങനെയായിരിക്കും എന്നറിയാനുള്ള ആഗ്രഹം അവരുടെയുള്ളില്‍ ഉണ്ടാകും. അതുകൊണ്ടാണ് ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്ത് വെക്കുന്നത്. വെസ്റ്റേണ്‍ രാജ്യങ്ങളില്‍ ഈ ട്രെന്‍ഡ് വന്നുതുടങ്ങിയിട്ടുണ്ട്. അവരെക്കാള്‍ 15 വര്‍ഷം പുറകില്‍ നില്‍ക്കുന്നത് കൊണ്ട് എന്തായാലും ഇവിടെയെത്താന്‍ കുറച്ച് സമയമെടുക്കും,’ വിനീത് പറഞ്ഞു.
Content Highlight: Vineeth Sreenivasan about the change in trend of music