| Saturday, 13th April 2024, 1:20 pm

നീളം കുറഞ്ഞതിന്റെ പേരില്‍ ഒരുപാട് പരിഹാസം കേട്ടവനാണ് ഞാന്‍, പക്ഷേ ഒരു ഗുണം ഉണ്ടായി: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏതെങ്കിലും രീതിയില്‍ പരിഹസിക്കപ്പെടാത്തവരും അറ്റാക്ക് ചെയ്യപ്പെടാത്തവരും ഉണ്ടാവില്ലെന്ന് സംവിധായകന്‍ വിനീത്. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയില്‍ താന്‍ ഉപയോഗിച്ച ചില ട്രോളുകള്‍ ആളുകള്‍ക്ക് പെട്ടെന്ന് കണക്ടാവുമെന്നാണ് താന്‍ കരുതുന്നതെന്നും വിനീത് പറഞ്ഞു.

ഒരാളെ എത്രയെങ്കിലും ആക്രമിക്കുമ്പോള്‍ അത് ശരിയല്ലെന്ന് ഒരു ഘട്ടത്തിലെങ്കിലും സമൂഹത്തിന് തോന്നുമെന്നും അവര്‍ അതിനെതിരെ പ്രതികരിക്കുമെന്നും വിനീത് പറയുന്നു.

നീളം കുറഞ്ഞതിന്റെ പേരിലും സംസാരിക്കാന്‍ അറിയില്ലെന്നതിന്റെ പേരിലുമൊക്കെ ഒരുപാട് പരിഹാസങ്ങള്‍ കേട്ടവനാണ് താനെന്നും എന്നാല്‍ അത്തരം പരിഹാസങ്ങള്‍ തനിക്ക് ഗുണം ചെയ്തിട്ടേ ഉള്ളൂവെന്നും വിനീത് പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനീത്.

‘ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ കഥ സാധാരണ ഓഡിയന്‍സിന് വര്‍ക്കാവുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. കാരണം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പരിഹസിക്കപ്പെടുന്നവരാണ് ഓരോരുത്തരും.

നീളം ഇല്ലാത്തതിന്റെ പേരില്‍ ഒരുപാട് പേര്‍ എന്നെ കളിയാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള അനുഭവം ഓരോരുത്തര്‍ക്കും ഉണ്ടാകും. എനിക്ക് അത് വിഷയമല്ല. കാരണം അത്തരം പരിഹാസങ്ങള്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ മാറ്റാനുള്ള ഊര്‍ജം നല്‍കും.

എന്റെ കൂട്ടുകാര്‍ എന്നെ കളിയാക്കി ബെറ്റര്‍ ആക്കിയിട്ടുണ്ടെന്നാണ് തോന്നുന്നത്. എനിക്ക് സംസാരിക്കാന്‍ അറിയില്ലെന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അതില്‍ നിന്ന് കുറേയൊക്കെ പഠിക്കും. അതുകൊണ്ട് തന്നെ അത്തരം വിമര്‍ശനങ്ങളും പരിഹാസങ്ങളും എനിക്ക് നല്ലതായാണ് ഫീല്‍ ചെയ്തത്. ഇതൊക്കെ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. ബാക്കിയുള്ളവര്‍ക്ക് അവരുടെ രീതിയിലാണ് ഫീല്‍ ചെയ്യുക.

എന്തായാലും ഏതെങ്കിലും രീതിയിലുള്ള അറ്റാക്ക് എല്ലാവരും നേരിടുന്നുണ്ട്. ഒരാള്‍ ഒരു വീട്ടിലേക്ക് കുറേ നാളുകള്‍ക്ക് ശേഷം കയറി വരുമ്പോള്‍ ആദ്യം ചോദിക്കുക, ആ തടിച്ചല്ലോ എന്നായിരിക്കും. ആ ചോദ്യം കേള്‍ക്കുമ്പോള്‍ പുല്ല് വരണ്ടായിരുന്നു എന്ന് തോന്നും.

വേറെ എന്തൊക്കെ ചോദിക്കാം, നാട്ടില്‍ മഴയുണ്ടോ, ഭക്ഷണം കഴിച്ചോ. പക്ഷേ ഇതൊന്നും ചോദിക്കില്ല. അതില്‍ തുടങ്ങി പലതാണ് ഷേമിങ്. അതുകൊണ്ട് തന്നെ ഈ സിനിമ ആളുകള്‍ക്ക് കണക്ടാവും. ഓരോരുത്തരും അതിന്റെ ഭാഗമാണ്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth sreenivasan about the body shaming he face

We use cookies to give you the best possible experience. Learn more