| Thursday, 4th April 2024, 3:08 pm

ആ നടന്റെ റഫറന്‍സാണ് വര്‍ഷങ്ങള്‍ക്കു ശേഷത്തില്‍ പ്രണവിന് കൊടുത്തത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ മലയാളികള്‍ ഏറ്റവുമധികം ആസ്വദിച്ച സിനിമകളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ ഒന്നിച്ച ചിത്രം മികച്ച ദൃശ്യാനുഭവമായിരുന്നു. ഹൃദയത്തിന് ശേഷം ഇതേ കോമ്പോ ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. 1970കളുടെ പശ്ചാത്തലത്തില്‍ മദ്രാസിലേക്കെത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ പ്രണവിന്റെ കഥാപാത്രത്തിന് റഫറന്‍സായ നടന്ക്കുറിച്ച് വിനീത് വെളിപ്പെടുത്തി. നടന്‍ മുരളിയുടെ റഫറന്‍സാണ് പ്രണവിനെ അങ്ങനെയൊരു ലുക്കില്‍ അവതരിപ്പിക്കാന്‍ കാരണമെന്ന് വിനീത് പറഞ്ഞു. ചമ്പക്കുളം തച്ചന്‍ എന്ന സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ലോഡ്ജിന്റെ വരാന്തയിലൂടെ നടന്നുപോകുന്ന മുരളി ചേട്ടന്റെ രൂപം മനസില്‍ കണ്ടിട്ടാണ് പ്രണവിന് അങ്ങനെയൊരു അപ്പിയറന്‍സ് നല്‍കിയതെന്ന് വിനീത് പറഞ്ഞു.

‘പ്രണവിന്റെ ലുക്കിന് എനിക്ക് റെഫറന്‍സായത് മുരളി ചേട്ടനായിരുന്നു. അദ്ദേഹത്തിന്റെ ഒരു രൂപം ഓര്‍മയില്‍ വെച്ചിട്ടാണ് അപ്പുവിന് അങ്ങനെയൊരു അപ്പിയറന്‍സ് കൊടുത്തത്. ചമ്പക്കുലം തച്ചന്‍ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ആലപ്പുഴയിലെ ലോഡ്ജിന്റെ വരാന്തയിലൂടെ മുരളി ചേട്ടന്‍ നടന്നു പോകുന്നത് എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നു. ആ ഒരു ഗെറ്റപ്പ് അപ്പുവിന് കൊടുത്താലോ എന്ന് ചിന്തിച്ചു. ജുബ്ബയും, തോള്‍ സഞ്ചിയുമൊക്കെയായിട്ടുള്ള രൂപം അപ്പുവിന് ചേരും എന്ന് ചിന്തിച്ചു.

കാറ്റിലാടിക്കൊണ്ട് പോകുന്ന അപ്പുവിന്റെ രൂപം ഞാന്‍ മനസില്‍ ചിന്തിച്ചു. അതുപോലെ, കമലദളം സിനിമയില്‍ ലാലങ്കിള്‍ ഇട്ടതുപോലെ ഒരു മാല അപ്പുവിനും ഒപ്പിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ കോസ്റ്റ്യൂം ഡയറക്ടറോട് ചോദിച്ചു. മരളിച്ചേട്ടന്റെ പേര് തന്നെയാണ് അപ്പുവിന് ഇട്ടിട്ടുള്ളത്. മുരളി ചേട്ടനെ അന്ന് കണ്ട ഓര്‍മയില്‍ ഉള്ള ജുബ്ബയും കൊടുത്തു, കമലദളത്തിലെ ലാലങ്കിളിന്റെ മാലയും കൊടുത്തു. അങ്ങനെയാണ് അപ്പുവിന്റെ ലുക്ക് ഓക്കെയാക്കിയത്,’ വിനീത് പറഞ്ഞു.

Content Highlight: Vineeth Sreenivasan about the appearance of Pranav in Varshangalkku Sesham

We use cookies to give you the best possible experience. Learn more