പുതുതലമുറയിലെ താരങ്ങള്‍ ഒരിക്കലെങ്കിലും ഒപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് വിനീത് ശ്രീനിവാസന്‍. മെന്റര്‍ എന്നും ഗുരു എന്നും കിങ് മേക്കര്‍ എന്നുമൊക്കെയുള്ള ചില വിശേഷങ്ങള്‍ വിനീതിനുണ്ട്.
വിനീതിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിച്ച് സ്വപ്‌നം കണ്ടു നടക്കുന്ന നിരവധി പേരുണ്ടെന്നും ഒരു സിനിമ എടുക്കുകയാണെങ്കില്‍ അതില്‍ ആരെ ചൂസ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് എങ്ങനെയാണെന്നുമുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് വിനീത്. അയാം വിത്ത് ധന്യാ വര്‍മ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത്.
‘എനിക്ക് ആവശ്യമുള്ള ആളുകളെ എനിക്ക് ഓര്‍മയുണ്ടാകും. ചിലയാളുകളിങ്ങനെ നമ്മളെ ദിവസേനെയെന്നോണം വിളിക്കുന്നവരുണ്ട്. ചിലപ്പോള്‍ നമുക്ക് അവരുടെ അടുത്തുനിന്ന് ഒരു ഇംപാക്ട് കിട്ടുന്നുണ്ടാവില്ല. ചിലയാളുകള്‍ ഷോര്‍ട്ട് ഫിലിംസിന്റെ ലിങ്ക് അയച്ചുതരും, അങ്ങനെയൊക്കെ.
പക്ഷേ എന്തോ എവിടെയോ കണക്ട് ആവില്ല. എന്നാല്‍ കണക്ട് ആവുന്ന ചില ആള്‍ക്കാര്‍ ഉണ്ടാവും. അവരെ നമുക്ക് മറക്കാന്‍ പറ്റില്ല. ഹൃദയത്തിന്റെ ഓഡീഷന്‍ നടന്നിട്ട് അതില്‍ കാസ്റ്റ് ആവാത്ത കുറേ ആള്‍ക്കാരുണ്ട്. ഞാന്‍ വേണമെങ്കില്‍ അവരുടെ പേരുകള്‍ പറയാം. സാം മോഹന്‍ എന്ന് പറയുന്ന ഒരു പയ്യനുണ്ട്. ബോംബെയിലാണ്, മലയാളിയാണ്. റോക്കട്രിയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
അതുപോലെ വിഷ്ണു ജി. വാര്യര്‍ എന്ന് പറയുന്ന വയനാട്ടിലുള്ളൊരു പയ്യനുണ്ട്. ഇവരൊക്കെ ഞാന്‍ ഓര്‍ത്തിരിക്കുന്ന ആളുകളാണ്. എനിക്ക് എന്തെങ്കിലും ഒരു സമയത്ത് ഇനിയൊരു സിനിമയില്‍ കറക്ടായിട്ടൊരു റോള്‍ വരുമ്പോള്‍ ഞാന്‍ ഇവരെ വിളിക്കും. അതുപോലെ ചില സിനിമകള്‍ കാണുമ്പോള്‍ നമുക്ക് ചിലരെ ഇഷ്ടമാകും.
ഉദാഹരണത്തിന് ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ ജഡ്ജി. അങ്ങനെ നമ്മുടെ മൈന്‍ഡില്‍ ഫിക്‌സ് ആകുന്ന ചിലരുണ്ട്. അവര്‍ നമ്മളെ വിളിക്കേണ്ട കാര്യമില്ല. ഞാന്‍ എപ്പോഴും ആക്ടേഴ്‌സ് കോണ്‍ടാക്ട് ചെയ്യുമ്പോള്‍, നിങ്ങള്‍ എന്നെ വിളിക്കേണ്ട, എനിക്ക് ആളുകളെ ഓര്‍മയുണ്ടാകുമെന്ന കാര്യം പറയാറുണ്ട്.
പിന്നെ എന്റെ ആവശ്യമാണ് ക്യാരക്ടറിന് കറക്ട് ആയിട്ടുള്ള ആള്‍ക്കാരെ വേണമെന്നുള്ളത്. ആക്ടേഴ്‌സിന് എത്രത്തോളം സിനിമ ആവശ്യമുണ്ടോ അതിനേക്കാള്‍ നമുക്ക് ആവശ്യമാണ് നമ്മുടെ സിനിമയില്‍ കറക്ട് ആയിട്ടുള്ള ആള്‍ വരുക എന്നുള്ളത്. മിസ് കാസ്റ്റ് ആ സിനിമയെ തന്നെ ഇല്ലാതാക്കും.
ഹൃദയത്തില്‍ സെല്‍വയായി കലേഷിനെ അല്ലാതെ വേറൊരാളെ ആലോചിക്കാന്‍ എനിക്ക് പറ്റില്ല. അങ്ങനെ ഓരോരുത്തര്‍ക്കും പറ്റിയ ക്യാരക്ടേഴ്‌സ് ഉണ്ടാകും. അത് അവര്‍ക്കേ ചെയ്യാന്‍ പറ്റൂള്ളൂ. നമുക്ക് റിപ്ലേസ്‌മെന്റ് കണ്ടുപിടിക്കാം. എന്നാലും അതിനൊരു ലിമിറ്റേഷന്‍ ഉണ്ടാകും, വിനീത് പറയുന്നു.
Content Highlight: Vineeth Sreenivasan about the actors who approached him daily